Advertisement

താനൂരിലെ ബോട്ടപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

May 8, 2023
Google News 2 minutes Read
tanur boat human rights

താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. (tanur boat human rights)

ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

Read Also: താനൂർ ബോട്ടപകടത്തിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് 37 പേർ, മരിച്ചത് 22 പേർ, രക്ഷപ്പെടുത്തിയത് 10 പേരെ, 5 പേർ നീന്തിക്കയറി

ഇതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാനും ഒളിവിലുള്ള ബോട്ടുടമ ശ്രമിക്കുന്നുണ്ട്. ബോട്ടുടമയായ നാസറിൻ്റെ ഫോൺ സഹോദരൻ്റ കൈയിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഫോൺ കൈമാറിയ ശേഷം നാസർ ഒളിവിൽ തന്നെ തുടരുകയാണ്. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണെന്ന് വ്യക്തമായി. ഇവർ അഭിഭാഷകരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചു. വരും നിമിഷങ്ങളിൽ തന്നെ നാസർ പിടിയിലായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കീഴടങ്ങുന്നതിന് മുമ്പുതന്നെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.

മലപ്പുറം താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ വാഹനം കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിൻ്റെ സഹോദരനേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. നാസറിന്റെ ചേട്ടനും സുഹൃത്തുക്കളും കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം എറണാകുളം ജില്ലയിലുണ്ടെന്ന പ്രാഥമിക നി​ഗമനത്തിലാണ് പൊലീസ്.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Story Highlights: tanur boat accident human rights case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here