Advertisement

കന്നഡ പൂരം: പാര്‍ട്ടി ക്യാമ്പുകളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; സമ്പൂര്‍ണ ചിത്രം ഇങ്ങനെ

May 10, 2023
Google News 3 minutes Read
Karnataka election 2023 Exit Polls 2023 Live Updates

കര്‍ണാടകയിലെ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടി ക്യാമ്പുകളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് എക്‌സിറ്റ്‌പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്ത്. കന്നഡ നാട് പിടിച്ചടക്കുന്നതിന് പാര്‍ട്ടികള്‍ 113 എന്ന മാന്ത്രിക സംഖ്യ തൊടേണ്ടതുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് വോട്ടെടുപ്പിന് മുന്‍പ് വിലയിരുത്തപ്പെട്ടിരുന്നു. സീ ന്യൂസ്, എബിപി ന്യൂസ്, ന്യൂസ് 18 എന്നിവയുടെ അഭിപ്രായ സര്‍വെ ഫലങ്ങള്‍ ഇതിനെ പിന്താങ്ങുന്നു. എന്നാല്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ഉള്‍പ്പെടെ ഇന്ന് പുറത്തെത്തിയ ചില സര്‍വെ ഫലങ്ങള്‍ പറയുന്നു. ജെഡിഎസ് കിംഗ് മേക്കറാകുമെന്നാണ് ഇന്ന് പുറത്തെത്തിയ ഭൂരിഭാഗം സര്‍വെകളും പറയുന്നത്. കര്‍ണാടകയില്‍ തൂക്കുസഭ ഉണ്ടാകാനുള്ള സാധ്യതയാണ് റിപ്പബ്ലിക് ന്യൂസിന്റെ സര്‍വെ ഫലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. (Karnataka election 2023 Exit Polls 2023 Live Updates)

സീ ന്യൂസ് ഉള്‍പ്പെടെയുള്ളവ നടത്തിയ സര്‍വെ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് പറയുന്നു. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമുണ്ടാകുമെന്നാണ് സീ ന്യൂസ് സര്‍വെ ഫലം പറയുന്നത്. കോണ്‍ഗ്രസിന് 103 മുതല്‍ 118 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്ന സര്‍വെ ബിജെപി 79 മുതല്‍ 94 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. ജെഡിഎസ് ഇത്തവണ 25 മുതല്‍ 33 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

Read Also: കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണ്, അവർ എംഎൽഎമാരെ പണം കൊടുത്ത് വാങ്ങും; എം.വി ഗോവിന്ദൻ

കര്‍ണാടകയില്‍ തൂക്കുസഭവരുമെന്ന സാധ്യതയിലേക്കാണ് റിപ്പബ്ലിക് സര്‍വെ വിരല്‍ ചൂണ്ടുന്നത്. കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപി 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വെ പറയുന്നു. ജെഡിഎസ് 24 മുതല്‍ 32 നേടിയേക്കുമെന്നും സര്‍വെ പറയുന്നു.

കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. ബിജെപി 114 സീറ്റുകള്‍ വരെ നേടിയേക്കും. കോണ്‍ഗ്രസ് 86 സീറ്റുകളും ജെഡിഎസ് 21 സീറ്റുകളും നേടിയേക്കുമെന്നാണ് ടൈംസ് നൗവിന്റേ സര്‍വേഫലം പറയുന്നത്.

കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈയുണ്ടാകുമെന്ന് എബിപി ന്യൂസ് സര്‍വെയും പറയുന്നു. ബിജെപി 83-95, കോണ്‍ഗ്രസ് 100-112, ജെഡിഎസ് 21-29 സീറ്റുകള്‍ നേടിയേക്കുമെന്ന് ഈ സര്‍വെ പറയുന്നു.

ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് സുവര്‍ണയുടെ സര്‍വേ കണ്ടെത്തിയത്. ടിവി 9 ബിജെപിക്ക് 83 മുതല്‍ 95 സീറ്റുകളും കോണ്‍ഗ്രസിന് 100 മുതല്‍ 112 സീറ്റുകളും ജെഡിഎസിന് 21 മുതല്‍ 29 സീറ്റുകളും ടിവി9 പ്രവചിക്കുന്നു.

Read Also: വിധി കുറിക്കാൻ കർണാടക; പോളിങ് ആരംഭിച്ചു

കര്‍ണാടകയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്ന് ന്യൂസ് നേഷന്റെ അഭിപ്രായ സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ബിജെപിക്ക് 114 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും കോണ്‍ഗ്രസ് 86 സീറ്റുകളില്‍ ഒതുങ്ങുമെന്നും ജെഡിഎസ് 21 സീറ്റുകള്‍ വരെ നേടി നിര്‍ണായക ശക്തിയാകുമെന്നും ന്യൂസ് നേഷന്‍ പ്രവചിക്കുന്നു.

കോണ്‍ഗ്രസിന് നേരിയ മേല്‍ക്കൈ ഉണ്ടാകുമെന്നാണ് ന്യൂസ് 18 സര്‍വെ ഫലങ്ങളും വ്യക്തമാക്കുന്നത്. ന്യൂസ് 18 സര്‍വെഫലങ്ങള്‍ ബിജെപി 79-94 സീറ്റുകളും കോണ്‍ഗ്രസ് 103-113 സീറ്റുകളും ജെഡിഎസ് 25-33 സീറ്റുകളും നേടുമെന്നാണ് പറയുന്നത്.

Story Highlights: Karnataka election 2023 Exit Polls 2023 Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here