Advertisement

ഡോ.വന്ദനയുടെ മാതാപിതാക്കളെ കണ്ട് മുഖ്യമന്ത്രിയും ഗവര്‍ണറും; കിംസ് ആശുപത്രിയിലെത്തി മന്ത്രിമാർ

May 10, 2023
Google News 2 minutes Read
Pinarayi Vijayan and ministers visit Dr Vandana's parents

കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയ്ക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കിംസ് ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോ.വന്ദന മരണത്തിന് കീഴടങ്ങിയത്.(Pinarayi Vijayan and ministers visit Dr Vandana’s parents)

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവരാണ് കിംസിലേക്ക് എത്തിയത്. മരിച്ച വന്ദനയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വന്ദനയുടെ മാതാപിതാക്കളെ മന്ത്രിമാര്‍ ആശ്വസിപ്പിച്ചു. നിലവില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. അതിനുശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്ക് കടക്കും.

വികാരാധീനനായാണ് ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഇനിയൊരു അച്ഛനും അമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഗവര്‍ണറും വന്ദനയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിച്ചു.

ആഭ്യന്തര വകുപ്പിനടക്കം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മുഖ്യമന്ത്രി അടക്കമുള്ള പ്രതിനിധികള്‍ നേരിട്ട് ആശുപത്രിയിലേക്കെത്തിയത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Read Also: ഡോക്ടറെ കുത്തി കൊന്ന സംഭവം; കേരള പൊലീസിന് അപമാനകരമായ സംഭവമെന്ന് രമേശ്‌ ചെന്നിത്തല

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Pinarayi Vijayan and ministers visit Dr Vandana’s parents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here