ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുന്നു, വീണ ജോർജ് മെലോ ഡ്രാമ കളിക്കുകയാണ്; രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുകയാണെന്നും മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെലോ ഡ്രാമ കളിക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്യുന്നത്. വിഎസ് ശിവകുമാറോ കെ.കെ ശൈലജയോ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തുമായിരുന്നോ. കേരളം ഒരു മയക്കുമരുന്ന് കേന്ദ്രമായി മാറുകയാണ്. ആരോഗ്യമന്ത്രി കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. ആർക്കാണ് എക്സ്പീരിയൻസ് ഇല്ലാത്തതെന്ന് വ്യക്തമാക്കണം. ലാത്തിക്ക് വേണ്ടി ഓടേണ്ട സ്ഥിതിയാണ് കേരളത്തിലെ പൊലീസിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
ഡോ. വന്ദനയുടെ കൊലപാതകത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് മാറിനിൽക്കാനാവില്ല. ആരോഗ്യമേഖലയുടെ സ്ഥിതി അതീവ ഗുരുതരമാണ്. വളരെ പഴയ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. മതിയായ ജീവനക്കാരില്ലാത്തത് വലിയ പ്രശ്നമാണ്. ജീവനക്കാരുടെ ഒഴിവ് നികത്താനുള്ള നടപടി സ്വീകരിക്കുന്നില്ല.
ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഇല്ലെങ്കിൽ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം പോലും നടക്കാറില്ല. അവരോട് ചെയ്യുന്നത് ക്രൂരതയാണ്. കോടതി ഡിജിപിയെ വിളിച്ച് വരുത്തുന്നു അവസ്ഥയാണുള്ളത്. അതായത് കോടതി ഭരണം ഏറ്റെടുക്കുന്നുവെന്ന് അർത്ഥം. ഭരണ പരാജയമാണ് ഇതിന് കാരണം. ഡോക്ടർമാർക്ക് നേരെയുള്ള അക്രമങ്ങൾ 2020- 21ൽ 147 ആയിരുന്നെങ്കിൽ 2021 – 22ൽ 200 ആയി വർധിച്ചു. ഉമ്മൻചാണ്ടി സർക്കാരാണ് ആശുപത്രി സംരക്ഷണ നിയമം പാസാക്കിയത്.
നിയമമില്ലാത്തതല്ല, നിയമം നടപ്പാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. നിയമ നിർമ്മാണമോ ഓർഡിനൻസോ അല്ല ആവശ്യം. നിലവിലെ നിയമം പരിഷ്കരിക്കുകയാണ് വേണ്ടത്. നിലനിൽക്കുന്ന നിയമത്തെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഓർഡിനൻസ് കൊണ്ടുവരുന്നത് നല്ലതുതന്നെയാണ്. പക്ഷേ സർക്കാരിന് നിയമം നടപ്പാക്കാനുള്ള ഇച്ഛാശക്തി വേണം. ഇവിടെ ഈ കേസിൽ എഫ്ഐആർ കൃത്യമായി തയ്യാറാക്കിയില്ല. അക്രമകാരിയായ പ്രതിയെ കൊണ്ടുവരുമ്പോൾ വിലങ്ങിടാമായിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന കാര്യം സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നും ആയുധം ഒളിപ്പിച്ച് വച്ച ശേഷം സന്ദീപ് ആക്രമിക്കുകയായിരുന്നുവെന്നും ഡോ. വന്ദനയുടെ സുഹൃത്ത് ഡോ നാദിയ. പ്രതി ഒന്നുമറിയാതെ ചെയ്തു എന്ന് പ്രചരിപ്പിക്കുകയാണ് പലരും. അത് തെറ്റായ വിവരമാണ്. കുത്തിയ ശേഷം രക്തക്കറ പ്രതി കഴുകിക്കളഞ്ഞു. അസീസിയയുടെ മണ്ണിന് കണ്ണീരിന്റെ നിറമാണെന്ന് ഡോ. വന്ദനയുടെ സഹപ്രവർത്തകർ പറഞ്ഞു.
ഡോ. വന്ദനയ്ക്ക് നീതി കിട്ടണം. നമ്മുടെ സിസ്റ്റം വലിയ പരാജയമാണെന്നതിന്റെ തെളിവാണ് വന്ദനയുടെ മരണം. രോഗിയെ ശുശ്രൂഷിക്കാനാണ് തങ്ങളെ പഠിപ്പിക്കുന്നത്, അല്ലാതെ ആയുധ പരിശീലനമല്ല. കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ വരുകയും എത്രയും വേഗം ശിക്ഷ വിധിക്കുകയും വേണമെന്നാണ് തങ്ങളുടെ ആവശ്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഇൻകുബേഷൻ സൗകര്യം ഇല്ല. ജീവൻ രക്ഷിക്കാനുള്ള സംവിധാനങ്ങൾ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിൽ വന്ദന ജീവനോടെ ഉണ്ടാകുമായിരുന്നു. ആശുപത്രി ബ്ലോക്കിന് വന്ദനയുടെ പേരിട്ടാൽ നീതി കിട്ടുമോയെന്നും ഡോ. നാദിയ ചോദിച്ചു.
Story Highlights: Dr Vandana’s murder; Ramesh Chennithala criticized Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here