Advertisement

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

May 12, 2023
Google News 2 minutes Read
tanur boat high court

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് മലപ്പുറം ജില്ലാ കലക്ടർ ഇന്ന് സമർപ്പിക്കും. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം വിഷയം പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. (tanur boat high court)

ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മിഷനാണ് അപകടം അന്വേഷിക്കുക. നീലകണ്ഠൻ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയർ, ഇൻലാന്റ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാർ (ചീഫ് എഞ്ചിനീയർ, കേരള വാട്ടർവേയ്‌സ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധർ കമ്മീഷൻ അംഗങ്ങളായിരിക്കും.

Read Also: താനൂരിലെ ബോട്ട് അപകടം, ചട്ടലംഘനം നടന്നത് സർക്കാർ ഒത്താശയോടെ; ബോട്ടിൽ മയക്ക് മരുന്ന് വിതരണം ഉണ്ടായിരുന്നു; കെ സുരേന്ദ്രൻ

ദുരന്തത്തിൽ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അപകട സമയത്ത് ബോട്ടിൽ 37 കയറിയിരുന്നെന്നും ഡ്രൈവർക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്റെ ഡെക്കിൽ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു.

താനൂരിലെ ബോട്ട് അപകടം, ചട്ടലംഘനം നടന്നത് സർക്കാർ ഒത്താശയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ബോട്ടിൽ മയക്ക് മരുന്ന് വിതരണം ഉണ്ടായിരുന്നു. പരാതി ലഭിച്ചിട്ടും മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തില്ല. മുഖ്യമന്ത്രി ലീഗ് നേതാക്കളെ ഇടതും വലതും നിർത്തി പ്രശ്‌നം ഒത്തുതീർത്തെന്ന് സുരേന്ദ്രൻ വിമർശിച്ചു.

Story Highlights: tanur boat accident high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here