താനൂര്‍ ബോട്ടപകടം മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും; വിജ്ഞാപനമിറങ്ങി

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും. ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറങ്ങി. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. ടേം ഓഫ് റഫറന്‍സ് പിന്നീട് പ്രസിദ്ധീകരിക്കും.(Tanur boat accident Judicial commission will investigate)
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു.
ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിക്കുകയും ഇതുകൂടാതെ പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Read Also: താനൂര്‍ ബോട്ടപകടം; അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Story Highlights: Tanur boat accident Judicial commission will investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here