Advertisement

ബജ്റംഗ് ദൾ നിരോധന പ്രഖ്യാപനം: എസ്ഡിപിഐയും എഐഎംഐഎമും പൂജ്യം; നേട്ടം കോൺഗ്രസിനു തന്നെ

May 13, 2023
Google News 2 minutes Read
bajrang dal ban congress

കർണാടക തെരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുസ്ലിം വോട്ടുകൾ നിർണായകമാകുന്ന കാഴ്ചയാണ്. എസ്ഡിപിഐയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമും കർണാടകയിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല. ഹിജാബ്, ഏക സിവിൽ കോഡ് തുടങ്ങി പല വിഷയങ്ങളുണ്ടായിട്ടും മുസ്ലിം വോട്ട് പിടിക്കാൻ ഇരു പാർട്ടിക്കുമായില്ല. (bajrang dal ban congress)

16 സ്ഥലത്താണ് എസ്ഡിപിഐ മത്സരിച്ചത്. എഐഎംഐഎം രണ്ട് സീറ്റുകളിൽ മത്സരിച്ചു. ഇരുവർക്കും ഒരു സീറ്റ് പോലും നേടാനായില്ല. അരക്ഷിതാവസ്ഥയിലായ കർണാടക മുസ്ലിം സമൂഹം ഒറ്റക്കെട്ടായി കോൺഗ്രസിനു മുന്നിൽ അണിനിരക്കുകയായിരുന്നു. ഈ തീരുമാനത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമാണ് ബജ്റംഗ് ദൾ നിരോധന പ്രഖ്യാപനം.

Read Also: കർണാടക മന്ത്രിസഭയിൽ മലയാളി മന്ത്രിമാരും? കോൺഗ്രസ് പാനലിൽ ജയിച്ചത് മൂന്ന് മലയാളികൾ

പോപ്പുലർ ഫ്രണ്ട് പോലെയാണ് ബജ്റംഗ് ദൾ. അതുകൊണ്ട് ബജ്റംഗ് ദൾ നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ബിജെപി ഇത് ആയുധമാക്കി പ്രചാരണങ്ങൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. ഹനുമാൻ ഭക്തരെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പല ചർച്ചകളും നടന്നു. ഹിന്ദു വോട്ടുകൾ ഉറപ്പിക്കാനായിരുന്നു ബിജെപിയുടെ ഈ പ്രതിരോധമെങ്കിൽ അത് മറ്റൊരു തരത്തിൽ നേട്ടമായത് കോൺഗ്രസിനാണ്. കോൺഗ്രസ് വിജയിച്ചാൽ ബജ്റംഗ് ദളിനെ നിരോധിക്കും എന്നതിനപ്പുറം ബിജെപി വിജയിച്ചാൽ ഉണ്ടായേക്കുന്ന കൗണ്ടർ അറ്റാക്ക് ആണ് മുസ്ലിം വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകുന്നതിൽ നിർണായകമായത്. ബജ്റംഗ് ദൾ നിരോധന പ്രഖ്യാപനത്തിനു ശേഷം ബിജെപി അതിനെ പ്രതിരോധിക്കാൻ നടത്തിയ പ്രകടനങ്ങളൊക്കെ മുസ്ലിം വോട്ടർമാർ പ്രകോപനമായാണ് കണ്ടത്. ജെഡിഎസിന് മുസ്ലിം വോട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ബിജെപിയുടെ പ്രബലനായ എതിരാളി എന്ന നിലയിൽ ജനം കോൺഗ്രസിനെ വിശ്വസിച്ചു.

ഹിജാബ് വിവാദം, ഏക സിവിൽ കോഡ്, ഹലാൽ വിവാദം തുടങ്ങി മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലാക്കിയ പല തീരുമാനങ്ങളും എടുത്ത ബിജെപി തെരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെപ്പോലും നിർത്താതെ ന്യൂനപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. മുസ്ലിം വോട്ടുകൾ ജെഡിഎസിലേക്കും എസ്ഡിപിഐയിലേക്കുമൊക്കെ മറിയുമെന്ന് കരുതിയ ബിജെപിയ്ക്ക് കനത്ത തിരിച്ചടി ആയാണ് ബജ്റംഗ് ദൾ നിരോധന പ്രഖ്യാപനം നടത്തിയത്. ഇതോടെ ബിജെപിയുടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു. ഏതാണ്ട് 13 ശതമാനം മാത്രമാണ് കർണാടകയിലെ മുസ്ലിം ജനസംഖ്യ എങ്കിലും അത് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവുകയായിരുന്നു.

Story Highlights: bajrang dal ban muslim vote aimim sdpi congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here