Advertisement

അടിതെറ്റി നിലത്തുവീണു, ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി ബിജെപി

May 13, 2023
Google News 3 minutes Read
BJP vanished in South India after Karnataka Election 2023

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോള്‍ ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി ബിജെപിയുടെ പതനം. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം ഒഴുകിയതോടെ രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തകര്‍ക്കും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ജാതിസമവാക്യങ്ങളും ധ്രുവീകരണവും മുസ്ലിം സംവരണം നടപ്പാക്കില്ലെന്ന പ്രഖ്യാപനങ്ങളും അഴിമതി, ഹലാല്‍, ഹിജാബ്, ടിപ്പു-സവര്‍ക്കര്‍ വിവാദം തുടങ്ങി പയറ്റാവുന്ന അടവുകളെല്ലാം പയറ്റിയിട്ടും നിലംപതിച്ചു ബിജെപി.(BJP vanished in South India after Karnataka Election 2023)

രാഹുലും പ്രിയങ്കയും അടങ്ങിയ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ പ്രചാരണം നടത്തിയപ്പോള്‍ ബിജെപി ഇറക്കിയത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ. മോദിപ്രഭാവത്തില്‍ പക്ഷേ കര്‍ണാടക തകര്‍ന്നുതരിപ്പണമായി. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ 129 ലോക്സഭാ സീറ്റുകളുണ്ടെങ്കിലും അതില്‍ 29 എണ്ണം മാത്രമായിരുന്നു ബിജെപിക്കുള്ളത്. അവയില്‍ മിക്കതും കര്‍ണാടകയിലും. ഇപ്പോള്‍ അതും നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യ ഇനി പിടിക്കണമെങ്കില്‍ ചില്ലറ തന്ത്രങ്ങളൊന്നും പയറ്റിയാല്‍ പോര. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനൊരു തിരിച്ചുവരവ് സംശയമാണ്. പക്ഷേ എക്‌സിറ്റ് പോളുകളെ പോലും അമ്പരപ്പെടുത്തിയാണ് കോണ്‍ഗ്രസ് വിജയിച്ചത്.

തമിഴ്‌നാടിനെ കണ്ണുവച്ച് ബിജെപി

തെരഞ്ഞെടുപ്പില്‍ സാന്നിധ്യമില്ലെങ്കിലും ദ്രാവിഡരുടെ ഹൃദയ ഭൂമിയായ തമിഴ്‌നാട്ടിലും ബിജെപിയുടെ നോട്ടമുണ്ട്. 2024ല്‍ തമിഴ്നാട്ടില്‍ നിന്ന് 15 ലോക്സഭാ സീറ്റുകള്‍ നേടാനാണ് ബിജെപിയുടെ തമിഴ്നാട് ഘടകം കാത്തിരിക്കുന്നത്. ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെയെ നേരിടാനുള്ള തന്ത്രവും ബിജെപി പയറ്റുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പഴയതില്‍ നിന്നും വ്യത്യസ്തയമായിരിക്കുമെന്നാണ് ബിജെപി കരുതുന്നത്.

നോട്ടമിട്ട് തെലങ്കാനയും ആന്ധ്രയും

ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന അടുത്ത സംസ്ഥാനമായി തെലങ്കാനയെയാണ് ബിജെപി കാണുന്നത്. കര്‍ണാടകയ്ക്ക് ശേഷം അധികാരത്തില്‍ വരാന്‍ തെലങ്കാനയാണ് അവര്‍ കണക്കുകൂട്ടിയത്. പക്ഷേ കര്‍ണാടകയില്‍ തോല്‍വി നേരിട്ടതോടെ തെലങ്കാനയ്ക്ക് വേണ്ടി ബിജെപി നന്നായി വിയര്‍ക്കും.
2018 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റില്‍ ഒരു സീറ്റ് മാത്രമേ ബിജെപിക്ക് നേടാനായുള്ളൂവെങ്കിലും, രണ്ട് ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ശക്തി മൂന്നായി ഉയര്‍ന്നു. 2020 ല്‍ നടന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനമെത്തി.

Read Also: ഡി.കെ ആണ് ഹീറോ; കനക്പുരയില്‍ 46,000 വോട്ടുകള്‍ക്ക് വിജയം

കേരളത്തെ സ്വപ്‌നം കാണാനാകാതെ ബിജെപി

ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയില്‍ ഏറ്റവും കടുപ്പമുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ രാഷ്ട്രീയമായി പ്രബുദ്ധരാണെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അധികാരം പിടിക്കാമെന്ന മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ബിജെപിക്ക് ബുദ്ധിമുട്ടാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഒരിക്കല്‍ പറയുകയുണ്ടായി.

Story Highlights: BJP vanished in South India after Karnataka Election 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here