ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ കരുനീക്കങ്ങള്‍, കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള കാവല്‍; കര്‍ണാടകയില്‍ ജയിച്ചത് ഈ സംഘടനകള്‍ കൂടിയാണ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം ഉള്‍പ്പെടെ വോട്ടാക്കി മാറ്റാമെന്ന് കണക്കുകൂട്ടിയിരുന്ന ബിജെപിക്ക് പ്രാദേശിക വിഷയങ്ങള്‍ പറഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ചിട്ടയായ പ്രചാരണത്തില്‍ അടിപതറുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കണ്ടത്. കുതിരക്കച്ചവടത്തിന്റെ സാധ്യതകളെപ്പോലും പറിച്ചെറിഞ്ഞ കോണ്‍ഗ്രസിന്റെ തിളങ്ങുന്ന വിജയത്തില്‍ ചില ജനകീയ കൂട്ടായ്മകളുടേയും സംഘടനകളുടേയും പങ്കും ചെറുതല്ല. കോണ്‍ഗ്രസിനെ വിജയിപ്പിക്കുക എന്നതല്ല, മറിച്ച് ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി പ്രവര്‍ത്തിച്ച ഈ സംഘടനകള്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രത്തെ വളരെ നിര്‍ണായകമായാണ് സ്വാധീനിച്ചത്. (Eddelu Karnataka and Bahutva Karnataka played key role in Congress victory)
എദ്ദേളു കര്‍ണാടക( വേക്ക് അപ്പ് കര്‍ണാടക), ബഹുത്വ കര്‍ണാടക ( പ്ലൂറലിസ്റ്റിക് കര്‍ണാടക) മുതലായ സംഘടനകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ബിജെപിയുടെ വോട്ടുകള്‍ കുറച്ചത്. ഒരു പ്രത്യേക പാര്‍ട്ടിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാത്ത വോളണ്ടിയര്‍മാരാണ് ഈ രണ്ട് സംഘടനകളേയും നയിക്കുന്നത്. പരമ്പരാഗത മാര്‍ഗങ്ങളിലൂടേയും നവമാധ്യമങ്ങളിലൂടേയും ബിജെപി സര്‍ക്കാരിന്റെ പാളിച്ചകളും പാര്‍ട്ടി പ്രത്യയശാസ്ത്രത്തോടുള്ള വിയോജിപ്പുകളും സംഘടനകള്‍ പരമാവധി പ്രചരിപ്പിച്ചു.
നാല് വര്‍ഷത്തെ ബിജെപി ഭരണത്തിലെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെക്കുറിച്ച് എദ്ദേളു കര്‍ണാടക 25 പേജുകളുള്ള ബുക്ക്‌ലെറ്റ് പുറത്തിറക്കുകയും ഇവ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. വിവിധ മണ്ഡലങ്ങളില്‍ 75 കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുകയും ബിജെപി സര്‍ക്കാരിന്റെ വീഴ്ചകള്‍ സൂചിപ്പിക്കുന്ന 80 വിഡിയോകള്‍ പുറത്തിറക്കുകയും ചെയ്തു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
കോണ്‍ഗ്രസിനോ ജെഡിഎസിനോ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നില്ലെന്നും മറിച്ച് വോട്ടുകള്‍ ബിജെപി എന്തുകൊണ്ട് അര്‍ഹിക്കുന്നില്ലെന്ന് തങ്ങളുടെ ക്യാംപെയ്‌നിലൂടെ വോട്ടര്‍മാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയായിരുന്നുവെന്നും എദ്ദേളു കര്‍ണാടക എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും ജെഎന്‍യു അധ്യാപകനുമായ പുരുഷോത്തം ബിലിമാലെ പറഞ്ഞു. ഫ്രണ്ട്‌ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പലപ്പോഴും വോട്ട് ചെയ്യാനായി ബൂത്തിലെത്താന്‍ മടികാട്ടിയിരുന്ന സമ്പന്ന മുസ്ലിങ്ങളും യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും ഇത്തവണ വോട്ടുചെയ്യാനെത്തിയെന്ന് ഇവര്‍ ഉറപ്പാക്കി. 2018ലെ വോട്ടുശതമാനം കൃത്യമായി കണക്കുകൂട്ടി ആസൂത്രണത്തോടെ കൂടുതല്‍ ആളുകളെ ബൂത്തിലെത്തിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ ചിതറിപ്പോകാനുള്ള സാധ്യത കണക്കിലെടുത്ത് ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തി. ഏകദേശം 5,000 സന്നദ്ധപ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചതെന്നും ബിജെപിയുടെ ഐടി സെല്ലിന്റെ സംഘടിത പ്രവര്‍ത്തനത്തെ അനുകരിക്കാന്‍ ശ്രമിച്ചെന്നും പുരുഷോത്തം ബിലിമാലെ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ മോശം പ്രകടനം കാഴ്ചവച്ച കൃഷി, സ്ത്രീകളുടെ അവകശങ്ങള്‍, ആരോഗ്യം, തൊഴില്‍, പരിസ്ഥിതി, ഗ്രാമീണ വികസനം, പോഷകാഹാരം മുതലായവ മേഖലകളിയെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് കാര്‍ഡുകളിറക്കിയാണ് ബഹുത്വ കര്‍ണാടക പ്രവര്‍ത്തിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പ്രചാരണം നടത്തിയെന്ന് ബഹുത്വ കര്‍ണാടക അംഗം സില്‍വിയ കര്‍പാഗം പറഞ്ഞു.
Story Highlights: Eddelu Karnataka and Bahutva Karnataka played key role in Congress victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here