Advertisement

എർദോഗന്റെ സമ്മർദ്ദത്തിന് വഴങ്ങി ട്വിറ്റർ: തുർക്കി തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർ ശബ്ദങ്ങൾ നിശബ്ദമാക്കി

May 14, 2023
Google News 11 minutes Read
Twitter succumbs to Erdoğan’s pressure, silences key voices in Turkey on election eve

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ സമ്മർദ്ദത്തിന് വഴങ്ങി ട്വിറ്റർ. ചില അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ട്വിറ്റർ അറിയിച്ചു. അതിനിടെ പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള ഒരുക്കത്തിലാണ് തുർക്കി ജനത.

‘നിയമ നടപടികളോടുള്ള പ്രതികരണമായും തുർക്കിയിലെ ജനങ്ങൾക്ക് ട്വിറ്റർ ലഭ്യമാണെന്ന് ഉറപ്പാക്കാനും, ചില അക്കൗണ്ടുകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ട്വിറ്റർ നയത്തിന് അനുസൃതമായി നടപടി അക്കൗണ്ട് ഉടമകളെ അറിയിച്ചിട്ടുണ്ട്.’- ട്വിറ്റർ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് ട്വീറ്റ് ചെയ്തു.

നിയന്ത്രണങ്ങളിൽ കുർദിഷ് വ്യവസായി മുഹമ്മദ് യാകുട്ടിന്റെയും അന്വേഷണാത്മക പത്രപ്രവർത്തകനായ സെവ്ഹെരി ഗുവെന്റെയും അക്കൗണ്ടുകൾ ഉൾപ്പെടുന്നു. തുർക്കി സർക്കാരിനെക്കുറിച്ച്, പ്രത്യേകിച്ച് എർദോഗൻ, ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു, പ്രതിരോധ മന്ത്രി ഹുലൂസി അക്കാർ, മുൻ ധനമന്ത്രിയും എർദോഗന്റെ മരുമകനുമായ ബെറാത്ത് അൽബെയ്‌റാക്ക് എന്നിവരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ യാകുട്ട് പങ്കുവച്ചിരുന്നു.

2016ൽ പരാജയപ്പെട്ട ഒരു അട്ടിമറിയെ സംബന്ധിച്ച് ശനിയാഴ്ച വിശദാംശങ്ങൾ പുറത്തുവിടുമെന്ന് യാകുട്ട് പ്രഖ്യാപിച്ചിരുന്നു. 2016 ലെ അട്ടിമറി ശ്രമം പ്രസിഡന്റ് എർദോഗനും അദ്ദേഹത്തിന്റെ സർക്കാരിലെ അംഗങ്ങൾക്കും മുൻകൂട്ടി അറിയാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അട്ടിമറിയുടെ രാത്രിയിലെ 251 പേരുടെ മരണത്തിന് എർദോഗനും ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി (എകെപി) സർക്കാരും അന്നത്തെ ജനറൽ സ്റ്റാഫ് മേധാവിയും നിലവിലെ പ്രതിരോധ മന്ത്രിയുമായ അക്കറും ഉത്തരവാദികളാണെന്നും യാകുട്ട് ആരോപിച്ചു.

ഇതിന് പിന്നാലെയാണ് ഇവരുടെ അക്കൗണ്ടുകൾ നിരോധിക്കാൻ ത്വയ്യിബ് സമ്മർദ്ദം ചെലുത്തിയത്. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും വിയോജിപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്താനും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും നിര്‍ണായകവും മത്സരസ്വഭാവമുള്ളതുമായ തെരെഞ്ഞെടുപ്പാണ് ഇനി നടക്കാനിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിഎച്ച്പി) നയിക്കുന്ന നാഷന്‍ അലയന്‍സിന് ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എകെപി) നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് അലയന്‍സിനെ തകിടം മറിക്കാന്‍ സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Story Highlights: Twitter succumbs to Erdoğan’s pressure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement