Advertisement

കോളജ് ഗ്രൂപ്പില്‍ ദി കേരള സ്റ്റോറിയുടെ ലിങ്ക്; പഠിക്കാനുള്ള കാര്യം മാത്രം ഗ്രൂപ്പില്‍ മതിയെന്ന് പറഞ്ഞ ജമ്മു മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്ക് കോളജ് ഹോസ്റ്റലില്‍ മര്‍ദനം

May 15, 2023
Google News 3 minutes Read
Five medical students injured in scuffle over The Kerala story in Jammu

കോളജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ദി കേരള സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ ലിങ്ക് അയച്ചതിനെത്തുടര്‍ന്ന് ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷത്തില്‍ ജമ്മുവിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ജമ്മുവിലെ ജിഎംഎസി ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്തുനിന്നെത്തിയവരും ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് ജമ്മുവിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ചന്ദന്‍ കോഹ്ലി പറഞ്ഞു. (Five medical students injured in scuffle over The Kerala story in Jammu)

ഇക്കഴിഞ്ഞ ഞായറാഴ്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഒഫിഷ്യല്‍ ഗ്രൂപ്പില്‍ ദി കേരള സ്റ്റോറിയുടെ ലിങ്ക് എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് അക്കാദമിക കാര്യങ്ങള്‍ മാത്രം പങ്കുവയ്‌ക്കേണ്ട ഗ്രൂപ്പാണെന്ന് പറഞ്ഞ് ഇതിനെ ഒരു വിദ്യാര്‍ത്ഥി എതിര്‍ത്തു. ഈ വിദ്യാര്‍ത്ഥിയെ പിന്നീട് ഹോസ്റ്റലില്‍ വച്ച് ചിലര്‍ മര്‍ദിക്കുകയും പുറത്തുനിന്ന് ഹോസ്റ്റലില്‍ കടന്നുകൂടിയവര്‍ ആക്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

Read Also: ആശിർവാദിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല; ഈ ആഴ്ച പ്രദർശിപ്പിക്കാതിരുന്നത് സ്ലോട്ട് ഇല്ലാത്തതിനാലെന്ന് അധികൃതർ [24 വെബ് എക്സ്ക്ലൂസിവ്]

തീവ്ര വലതുപക്ഷ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടെ ചില ആളുകളെ പുറത്തുനിന്നും ഹോസ്റ്റലിലേക്ക് എത്തിച്ചെന്നാണ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോപണം. ഇത് പിന്നീട് വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

പുറത്തുനിന്നും ഹോസ്റ്റലിലെത്തിയവര്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും വിദ്യാര്‍ത്ഥികളെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചെന്നും പരാതിയുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നും കേരള സ്റ്റോറി എന്ന ചിത്രം വിശുദ്ധമല്ലെന്നും അത് കാണാനും കാണാതിരിക്കാനും ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വര്‍ഗീയ തീ ആളിപ്പടര്‍ത്തുന്ന സിനിമകളിലൂടെ കേന്ദ്രസര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് ഞെട്ടിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി നിരപരാധികളുടെ രക്തത്തിനായി ദാഹിക്കുന്നുവെന്നും ട്വിറ്ററില്‍ ജെകെപിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

Story Highlights: Five medical students injured in scuffle over The Kerala story in Jammu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here