Advertisement

ആശിർവാദിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല; ഈ ആഴ്ച പ്രദർശിപ്പിക്കാതിരുന്നത് സ്ലോട്ട് ഇല്ലാത്തതിനാലെന്ന് അധികൃതർ [24 വെബ് എക്സ്ക്ലൂസിവ്]

May 7, 2023
Google News 6 minutes Read

നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനമെടുത്തതായി സമൂഹമാധ്യമങ്ങളിൽ ചില കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ആശിർവാദ് ഡിസ്ട്രിബ്യൂഷൻ മാനേജർ ജയൻ 24 വെബിനോട് പ്രതികരിച്ചു. സ്ലോട്ട് ഇല്ലാത്തതിനാലാണ് സിനിമ പ്രദർശിപ്പിക്കാൻ കഴിയാത്തത്. അല്ലാതെ സിനിമ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ജയൻ പ്രതികരിച്ചു. (aashirwad cinemas kerala story)

ആശിർവാദിൽ പ്രദർശിപ്പിക്കേണ്ട സിനിമകളുടെ ചാർട്ട് ഫുളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ലോട്ട് ഉണ്ടായിരുന്നില്ല. അടുത്ത ആഴ്ചയാണ് കമ്പനിക്കാരോട് പറഞ്ഞിരിക്കുന്നത്. കമ്പനിക്കാർ ചോദിച്ചപ്പോൾ ചാർട്ട് ഫുൾ ആയതിനാലാണ് എടുക്കാതിരുന്നത്. അതുകൊണ്ട് അടുത്ത ആഴ്ചയിലേക്ക് നീക്കി എന്ന് പറഞ്ഞു. അവർ ഓക്കെ പറഞ്ഞു. പ്രദർശിപ്പിക്കണ്ട എന്ന തീരുമാനം എടുത്തിട്ടില്ല. ഇനി ചാർട്ട് ചെയ്ത സിനിമ മാറിയാൽ വെള്ളിയാഴ്ച പ്രദർശിപ്പിക്കാനിരിക്കുകയാണ്. വെള്ളിയാഴ്ചകളിൽ മൂന്ന് ഷോസ് ആണ് അവർ കൊടുക്കുന്നത്. പക്ഷേ, ഇപ്പോൾ ഇറങ്ങിയ സിനിമകളെല്ലാം നന്നായി പോകുന്നുണ്ട്. പ്രദർശിപ്പിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

Read Also: ‘കേരള സ്റ്റോറി’ സിനിമയോട് എന്തിനാണ് ഇത്ര വിയോജിപ്പ്, അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികം; വി മുരളീധരൻ

സ്നേഹസല്ലാപം എന്ന ട്വിറ്റർ ഹാൻഡിലാണ് ആദ്യം ഈ അവകാശവാദവുമായി രംഗത്തുവന്നത്. കേരള മൾട്ടിപ്ലക്സ് ശ്രംഖലകളിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറിയത് ആശിർവാദ് മാത്രമാണ് എന്നായിരുന്നു ട്വീറ്റ്. ദേശീയ മൾട്ടിപ്ലക്സ് ശ്രംഖലയായ പിവിആർ കേരളത്തിലെ തങ്ങളുടെ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കില്ല എന്ന് തീരുമാനിച്ചു. കാർണിവൽ, ഇനോക്സ്, സിനിപോളിസ്, ഷേണായ്സ്, ഏരീസ്പ്ലെക്സ് എന്നീ തീയറ്റുകളിൽ കുറച്ച് ഷോകൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു എന്നും ട്വീറ്റിലുണ്ടായിരുന്നു. ഈ ട്വീറ്റിൻ്റെ സ്ക്രീൻഷോട്ട് അടക്കം വിവിധ ട്രോൾ ഗ്രൂപ്പുകളിൽ ആശിർവാദിൻ്റെ നിലപാടിനെ പുകഴ്ത്തി ട്രോളുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുകയായിരുന്നു.

സുദിപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശർമ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്.

32,000 പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർത്തു എന്ന അവകാശവാദം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. പ്രതിഷേധങ്ങൾക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കൾ രംഗത്തുവന്നു. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ടീസർ സമൂഹമാധ്യമങ്ങളിൽ നീക്കാമെന്ന് ചിത്രത്തിൻ്റെ നിർമാതാവ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഈ മാസം അഞ്ചിനാണ് സിനിമ റിലീസായത്. സിനിമയ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകി. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി.

Story Highlights: aashirwad cinemas the kerala story movie response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here