ഡോ.വന്ദനദാസിന്റെ കൊലപാതകം; സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും

ഡോ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് പോലീസ് കോടതിയിൽ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാൻ നിര്‍ദേശം നൽകിയത്. സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്.
അതേസമയം, താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Read Also: ഡോക്ടർമാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണം ആശങ്കാജനകം; ഡോ.വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി
Story Highlights: Dr Vandana das Death, accused will be produced in the Kottarakkara court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here