Advertisement

ആദ്യ രണ്ട് ഉറപ്പിക്കാൻ മുംബൈ; പ്ലേ ഓഫ് ഉറപ്പിക്കാൻ ലക്നൗ: ഐപിഎലിൽ ഇന്ന് മറ്റൊരു നിർണായക മത്സരം

May 16, 2023
Google News 2 minutes Read
lsg mumbai indians ipl

ഐപിഎലിൽ ഇന്ന് മറ്റൊരു നിർണായക മത്സരം. പ്ലേ ഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിൽ ഏറ്റുമുട്ടും. ലക്നൗവിൻ്റെ ഹോം ഗ്രൗണ്ടായ ഏകന സ്റ്റേഡിയത്തിൽ രാത്രി 6.30നാണ് മത്സരം. മുൻപ് രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും മുംബൈക്കെതിരെ ലക്നൗ വിജയിച്ചിരുന്നു. ഇന്ന് മുംബൈ വിജയിച്ചാൽ അവർ ആദ്യ രണ്ട് സ്ഥാനങ്ങൾ ഏറെക്കുറെ ഉറപ്പിക്കും. ഇന്ന് ലക്നൗ വിജയിച്ചാൽ അവർ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കും. (lsg mumbai indians ipl)

ബൗളിംഗ് പിച്ചാണ് ലക്നൗവിലേത്. ലക്നൗ ടീമിലാവട്ടെ വിസ്ഫോടനാത്‌മക ബാറ്റിംഗിൻ്റെ വക്താക്കളും. അത് ലക്നൗവിൻ്റെ ഹോം മത്സര ഫലങ്ങളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ, അരങ്ങേറ്റ മത്സരത്തിൽ തന്നെ ടോപ് സ്കോററായ പ്രേരക് മങ്കാദിൻ്റെ റോൾ ഇന്ന് നിർണായകമാവും. ബൗളിംഗിൽ അമിത് മിശ്രയാവും തുറുപ്പുചീട്ട്. മയേഴ്സ്, സ്റ്റോയിനിസ്, പൂരാൻ, ബദോനി, കൃണാൽ എന്നിവരൊക്കെ ഈ പിച്ചിൽ ബുദ്ധിമുട്ടാനാണ് സാധ്യത. ഡികോക്കും മങ്കാദുമാവും ലക്നൗ ബാറ്റിംഗ് നിരയെ ഇന്ന് നയിക്കുക. ടീമിൽ മാറ്റമുണ്ടായേക്കില്ല.

Read Also: നായയുടെ കടിയേറ്റു, നെറ്റ്സില്‍ പോലും പന്തെറിയാനാവുന്നില്ല; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

ഒരുപാട് പ്രശ്നങ്ങളുണ്ട് മുംബൈക്ക്. ബുംറയുടെ പരുക്ക്, ആർച്ചറിൻ്റെ പരുക്ക്, രോഹിത് ശർമയുടെ മോശം ഫോം, കഴിഞ്ഞ സീസണിലും ഈ സീസണിൽ കളിച്ച മത്സരങ്ങളും മിന്നിയ തിലക് വർമയുടെ പരുക്ക് എന്നിങ്ങനെ സാരമായ നിരവധി പ്രശ്നങ്ങൾ മുംബൈക്കുണ്ട്. ഭാവി സൂപ്പർ സ്റ്റാർ എന്ന ഖ്യാതി നേടി, കഴിഞ്ഞ സീസണിൽ ചില തകർപ്പൻ പ്രകടനങ്ങൾ നടത്തിയ ഡെവാൾഡ് ബ്രെവിസിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. എന്നിട്ടും മുംബൈ നിലവിൽ പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ്. ഇന്ന് വിജയിച്ചാൽ അവർ രണ്ടാമതെത്തും. ഒരുപക്ഷേ, ടൂർണമെൻ്റിലെ ഏറ്റവും മോശം ബൗളിംഗ് നിര ആണെങ്കിലും ബാറ്റിംഗ് നിരയുടെ പൊളിച്ചടുക്കൽ അവരെ ഏറെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ മികവിലാണ് മുംബൈ വമ്പൻ സ്കോർ ഉയർത്തിയത്. ആദ്യ കളിക്കിറങ്ങിയ വിഷ്ണു വിനോദും തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചു. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെ തകർത്തുകളഞ്ഞത് മുംബൈയുടെ ആത്‌മവിശ്വാസം വാനോളം ഉയർത്തി എന്നത് തീർച്ചയാണ്. ആകാശ് മധ്‌വാളിനെ പവർ പ്ലേയിൽ ഉപയോഗിച്ചതിന് ഫലം ലഭിച്ചു. അതുകൊണ്ട് തന്നെ തിലക് വർമ പരുക്കിൽ നിന്ന് മുക്തനായില്ലെങ്കിൽ ടീമിൽ മാറ്റമുണ്ടായേക്കില്ല. എന്നാൽ, ബൗളിംഗ് പിച്ചായതുകൊണ്ട് തന്നെ ഒരു എക്സ്ട്രാ സ്പിന്നറെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ വിഷ്ണുവിനു പകരം ഷൊകീൻ കളിക്കും. ലക്നൗ സ്പിന്നർമാർക്കെതിരെ സൂര്യകുമാർ യാദവിൻ്റെ റോൾ നിർണായകമാവും.

Story Highlights: lsg mumbai indians ipl preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here