സാന്റിയാഗോ മാർട്ടിൻ കള്ളപ്പണം കടത്തിയത് സിപിഐഎമ്മിന്റെ സഹായത്തോടെ; കെ. സുധാകരൻ

ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്നും സിപിഎമ്മിന്റെ സഹായത്തോടെയാണ് മാർട്ടിൻ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിൽനിന്ന് 80,000 കോടി രൂപ മാർട്ടിൻ കൊണ്ടുപോയിട്ടുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന ശരിയാണെങ്കിൽ ഇത് ആ തുകയുടെ ചെറിയൊരംശം മാത്രമാണ്. ( Santiago Martin smuggled black money with the help of CPIM; K. Sudhakaran ).
മാർട്ടിന് കേരളത്തിൽ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവർത്തിച്ചത്. പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിക്ക് മാർട്ടിൻ 2 കോടി രൂപ നൽകിയപ്പോൾ മാർട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രക്ഷണം നടത്തിയിരുന്നത് പാർട്ടി ചാനലായ കൈരളിയിൽ മാത്രമായിരുന്നു. അന്നത് വിവാദമായപ്പോൾ ദേശാഭിമാനിയുടെ ജനറൽ മാനേജരായിരുന്ന ഇപി ജയരാജന്റെ സ്ഥാനം തെറിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ മാർട്ടിനെ കേരളത്തിൽനിന്നു കെട്ടുകെട്ടിച്ചശേഷവും 2018 ഏപ്രിൽ 18ന് മാർട്ടിന്റെ പരസ്യം ദേശാഭിമാനിയിൽ പ്രത്യക്ഷപ്പെട്ടു.
അന്യസംസ്ഥാന ലോട്ടറിക്ക് അനുകൂലമായ കോടതിവിധി 2021ൽ ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ വീണ്ടും അന്യസംസ്ഥാന ലോട്ടറി സംസ്ഥാനത്തു വിൽക്കാൻ തകൃതിയായ തയാറെടുപ്പുകൾ നടക്കുന്നു. സിപിഎം ഭരണം ഇതിന് അനകൂലമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങൾ കുറച്ച് കേരള ലോട്ടറിയെ അനാകർഷകമാക്കിയും ഏജന്റുമാരുടെ കമ്മീഷൻ കുറച്ചും അന്യസംസ്ഥാന ലോട്ടറിക്ക് ചുവന്നപരവതാനി വിരിച്ചു കഴിഞ്ഞു. കേരള ലോട്ടറി ഇപ്പോൾ നിയന്ത്രിക്കുന്ന വൻകിട കച്ചവടക്കാർക്കും മാർട്ടിനുമായി അടുത്ത ബന്ധവുമുണ്ട്.
വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ കൊടികുത്തി വാഴും. പിണറായി സർക്കാർ എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്തു. ജിഎസ്ടി കൗൺസിൽ സംസ്ഥാന ലോട്ടറിയുടെ നികുതി 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിയുടെ നികുതി 28 ശതമാനവും ആക്കുവാൻ തീരുമാനിച്ചത് ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ ഇടപെടലിലൂടെയാണ്. ഒരുൽപ്പന്നതിന് രണ്ടുതരം നികുതി പാടില്ലെന്നറിഞ്ഞുകൊണ്ട് തോമസ് ഐസ്‌ക് എടുത്ത നിലപാട് കോടതിയിൽനിന്നു തിരിച്ചടി കിട്ടുമെന്നു കണക്കുകൂട്ടി തന്നെയായിരുന്നു. 2016ൽ കേന്ദ്രലോട്ടറി കരട് നിയമത്തിന് ഭേദഗതി നിർദേശിക്കാൻ കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും തോമസ് ഐസക് പ്രതികരിച്ചില്ല.
അന്യസംസ്ഥാന ലോട്ടറിയെ തുരത്തിയശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാർ കേരള ലോട്ടറിയെ കാരുണ്യലോട്ടറിയിലൂടെ പുനർജീവിപ്പിച്ചത്. ഇതിൽനിന്നു ലഭിച്ച വരുമാനം ഉപയോഗിച്ചാണ് പാവപ്പെട്ടവർക്കായി കേരളം കണ്ട ഏറ്റവും വലിയ കാരുണ്യ ചികിത്സാധനസഹായപദ്ധതി ആവിഷ്‌കരിച്ചത്. 1.42 ലക്ഷം പേർക്ക് 1,200 കോടി രൂപയുടെ സഹായധനം അനുവദിച്ച ഈ പദ്ധതിയെയും ഇടതുസർക്കാർ ഇല്ലാതാക്കി. ലോട്ടറിയെ യുഡിഎഫ് പാവപ്പെട്ടവർക്കായി വിനിയോഗിച്ചപ്പോൾ ഇടതുപക്ഷം സ്വന്തം കീശയും മാർട്ടിന്റെ കീശയും വീർപ്പിച്ചെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
Story Highlights: Santiago Martin smuggled black money with the help of CPIM; K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here