മോദി സർക്കാർ വൻ പരാജയം; പല ആഭ്യന്തര കാര്യങ്ങളിലും മോദി കഴിവുകെട്ടവനെന്ന് നിർമല സിതാരാമൻ്റെ ഭർത്താവ്

നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സാമ്പത്തിക വിദഗ്ധനും ധനമന്ത്രി നിർമലാ സിതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. സാമ്പത്തികമടക്കം പല ആഭ്യന്തര കാര്യങ്ങളിലും മോദി കഴിവില്ലാത്തയാളാണ്. രാജ്യത്ത് വിഘടന വാദമുയർത്തി ഭിന്നത സൃഷ്ടിക്കുന്നതിലാണ് പ്രധാനമന്ത്രിക്ക് മികവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് പ്രഭാകറിന്റെ ആരോപണം.
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന വികാരങ്ങൾ വിളിച്ചുവരുത്തുന്നതിൽ പ്രധാനമന്ത്രി മോദി വളരെ സമർത്ഥനാണ്. 2014-ലെ തെരഞ്ഞെടുപ്പിൽ വികസനം വാഗ്ധാനം ചെയ്ത് വിജയിച്ച ഭാരതീയ ജനതാ പാർട്ടി ഹിന്ദുത്വ വാദത്തെ ഒളിച്ചുകടത്തി. 2024-ൽ വീണ്ടും മോദി സർക്കാർ വരുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിനു പൊതുവെ ദുരന്തമായിരിക്കും. ജനങ്ങളെ അണിനിരത്താനുള്ള കഴിവ് കൊണ്ട് മാത്രമാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും ജനപ്രീതി നേടുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യമൂല്യങ്ങളെല്ലാം നമ്മുടെ രാജ്യത്തിന് ഇന്ന് അന്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
"He(Modi) is staggeringly incompetent in Economics & most other things, except in spreading communalism & divisiveness"
— Srinivas BV (@srinivasiyc) May 12, 2023
:Nirmala Sitharaman's husband, Economist Parakala Prabhakar.pic.twitter.com/Y1jFlz3bnp
മെയ് 14ന് പ്രഭാകറിന്റെ ‘ദി ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ഇന്ന് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ന്യായവിരുദ്ധമായ പല കാര്യങ്ങളും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കണമെന്ന് തോന്നിയതിനാലാണ് പുസ്തകം എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: Narendra Modi incompetent disastrous Parakala Prabhakar