Advertisement

ഡി കെയ്ക്ക് മുന്‍പേ മുഖ്യമന്ത്രിക്കസേരയിലേക്ക് ഓടിയടുത്ത് സിദ്ധരാമയ്യ; നിരീശ്വരവാദിയായ ‘തനിനാടന്‍’ രാഷ്ട്രീയക്കാരന്‍; സംഭവവികാസങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതം

May 18, 2023
Google News 3 minutes Read
Karnataka next cm Siddaramaiah profile

ബിജെപിയുടെ കൈയില്‍ നിന്ന് നാടകീയമായി കര്‍ണാടക പിടിച്ചടക്കിയ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസങ്ങളില്‍ നടന്നതും അതിനാടകീയമായ നീക്കങ്ങളാണ്. കര്‍ണാടകയിലെ ഒരേപോലെ പ്രബലരായ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മുഖയമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചപ്പോള്‍ നാല് ദിവസമായി നടന്നത് ശരിക്കും കസേരയ്ക്കായുള്ള വടംവലി തന്നെയാണ്. കസേര പങ്കിട്ട് പ്രശ്‌നം പരിഹരിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ തീരുമാനം. പക്ഷേ അപ്പോഴും അന്തരീക്ഷത്തിള്‍ ഉയര്‍ന്നുവന്ന ചോദ്യം ആദ്യ ടേം ആര്‍ക്ക് എന്നതായിരുന്നു. ഒടുവില്‍ നറുക്ക് വീണത് സിദ്ധരാമയ്യയ്ക്കാണ്. പാര്‍ട്ടി സമ്മര്‍ദത്തിന് മുന്നില്‍ ഡി കെ വഴങ്ങി എന്നതാണ് കര്‍’നാടക’ത്തിന്റെ ക്ലൈമാക്‌സ്. (Karnataka next cm siddaramaiah profile)

കര്‍ണാടകയുടെ മുഖ്യമന്ത്രിക്കസേരയില്‍ കെ സിദ്ധരാമയ്യക്ക് ഇത് രണ്ടാമൂഴമാണ്. 2013ലായിരുന്നു ആദ്യമായി സിദ്ധരാമയ്യ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 45 വര്‍ഷത്തെ സംസ്ഥാന ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രി എന്ന റെക്കോഡോടെയാണ് കെ സിദ്ധരാമയ്യയുടെ രണ്ടാമൂഴം.

തന്റെ ആഗ്രഹങ്ങള്‍ മുന്നോട്ട് വെക്കാനും അഭിപ്രായങ്ങള്‍ പറയാനും ഒരു മടിയും കാണിക്കാത്ത നേതാവാണ് കെ സിദ്ധരാമയ്യ. കഴിഞ്ഞ സര്‍ക്കാരിലെ ബി.ജെ.പി അംഗങ്ങള്‍ അദ്ദേഹത്തെ അതിമോഹിയെന്ന് പരിഹസിച്ചപ്പോഴെല്ലാം, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഒരു ദിവസം വീണ്ടും താന്‍ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഒരു മടിയും കൂടാതെ തന്നെ പറഞ്ഞിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ വരുണയില്‍ കോണ്‍ഗ്രസ് തുറുപ്പു ചീട്ടാക്കിയതും കെ സിദ്ധരാമയ്യയെയാണ്. ആ തീരുമാനം തെറ്റിയില്ലെന്നു തന്നെ പറയാം. എന്നാല്‍ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തെരഞ്ഞെടുത്തതും ശക്തനായ കോണ്‍ഗ്രസ് നേതാവ് വി. സോമണ്ണയെയായിരുന്നു.

കര്‍ണാടകയിലെ മൈസൂര്‍ ജില്ലയില്‍ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി 1948 ഓഗസ്റ്റ് 12നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിലെ യുവരാജ കോളേജില്‍ നിന്ന് ബിരുദവും ശാരദവിലാസ് കോളേജില്‍ നിന്ന് നിയമബിരുദവും നേടി.

സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വരുന്ന കുറുബ സമുദായത്തില്‍ പെട്ടയാളാണ് സിദ്ധരാമയ്യ. ‘കുറുബകളുടെ നേതാവ്’ എന്ന ടാഗ് ധരിക്കാന്‍ സിദ്ധരാമയ്യ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നാക്ക വിഭാഗങ്ങളുടെ ചാമ്പ്യന്‍ എന്നറിയപ്പെടാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഇത് വെറുമൊരു പ്രസ്താവനയില്‍ ഒതുങ്ങുന്നതല്ല. കര്‍ണാടകയിലെ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ദളിതുകള്‍ക്കും വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തുകയും വോട്ടുകള്‍ ഏകീകരിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

നിരീശ്വരവാദി എന്ന അവകാശപ്പെടുന്ന സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ രാഷ്ട്രീയ മേഖലയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളിലും അത് ഉള്‍പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും പ്രാര്‍ത്ഥനാലയങ്ങളും സന്ദര്‍ശിക്കാത്ത അദ്ദേഹം വെള്ള കുര്‍ത്തയും സാധാരണ മുണ്ടും ധരിച്ച് ഒരു നാടന്‍ രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായ ജനമനസ്സുകളില്‍ കൊത്തിവച്ചിട്ടുണ്ട്.

അദ്ദേഹം ഒരു ഡോക്ടറാകണമെന്നായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരു അഭിഭാഷകനാണ് അദ്ദേഹം തീരുമാനിച്ചത്. പക്ഷേ ആ തീരുമാനം ആകസ്മികമായി അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ എത്തിച്ചു. 2018ല്‍ തന്റെ 13മത് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ റെക്കോര്‍ഡിട്ടു. 2010ല്‍ സിദ്ധരാമയ്യ സഹോദരന്മാര്‍ക്കെതിരെ ബംഗളൂരു മുതല്‍ ബെല്ലാരി വരെ 320 കി.മി. പദയാത്ര (ബെല്ലാരി ചലോ) നടത്തി. അത് കര്‍ണ്ണാടക രാഷ്ട്രീയത്തിലെ ഒരു പ്രധാന സംഭവമാണ്. നിയമാനുസൃതമല്ലാത്ത ഘനനത്തിനും അഴിമതിയിലും ഭരണത്തിലിരിക്കുന്ന ബി ജെ പിയെ ലക്ഷ്യം വെച്ചാണ് ഈ പദയാത്ര നടത്തിയത്.

ബീഫ് നിരോധന വിവാദത്തിലും അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഞാനൊരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, പക്ഷെ എനിക്ക് വേണമെങ്കില്‍ ഞാന്‍ കഴിക്കും. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്?’ എന്നായിരുന്നു ബീഫ് നിരോധന വിവാദത്തെ ചോദ്യം ചെയ്ത് അദ്ദേഹം പറഞ്ഞത്. ‘ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍ പെട്ടവരല്ല, ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്ന അദ്ദേഹത്തതിന്റെ പ്രസ്താവന ആളുകള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിക്കൊടുത്തു.

രാഷ്ട്രീയ ജീവിതം

2013 മുതല്‍ 2018 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് കെ.സിദ്ധരാമയ്യ. 2019 മുതല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായും തുടര്‍ന്നു. രണ്ട് തവണ കര്‍ണാടക ഉപമുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1977ല്‍ ലോക്ദളില്‍ ചേര്‍ന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദള്‍ ടിക്കറ്റില്‍ 1983ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി.

1984ല്‍ ലോക്ദള്‍ വിട്ട് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് 1985ല്‍ വീണ്ടും നിയമസഭയില്‍ അംഗമായ സിദ്ധരാമയ്യ 1988ലെ ജനതാപാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് ജനതാദള്‍ ടിക്കറ്റില്‍ 1989ല്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് 1994ല്‍ വീണ്ടും ജനതാദള്‍ ടിക്കറ്റില്‍ നിയമസഭാംഗമായെങ്കിലും 1999ല്‍ പിളര്‍പ്പുണ്ടായതോടെ ജനതാദള്‍ വിട്ട് ദേവഗൗഡ നേതാവായ ജെ.ഡി.എസില്‍ ചേര്‍ന്നു.

1999ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജെ.ഡി.എസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. 2004ല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2005ല്‍ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്റെ പാര്‍ട്ടി ലയിപ്പിച്ചു.

Story Highlights: Karnataka next cm Siddaramaiah profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here