ഇന്ത്യൻ വനിതാ ലീഗ്: ഗോകുലം കേരള എഫ്‌സി ഫൈനലിൽ

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളം എഫ്‌സി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനായി വിവിയൻ അഡ്ജെ ഒരു ഗോളും ഇന്ദുമതി കതിരേശനും സബിത്ര ഭണ്ഡാരിയും ഇരട്ട ഗോളുകളും നേടി. മറ്റൊരു സെമി ഫൈനലിൽ ടൂർണമെന്റിലെ ഫേവറിറ്റ്സ് ആയ സേതു എഫ്‌സിയെ പരാജപ്പെടുത്തി കർണാടക ക്ലബ് കിക്ക് സ്റ്റാർട്ട് എഫ്‌സി ഫൈനലിലേക്ക് യോഗ്യത നേടി. ഈ വർഷത്തെ ഇന്ത്യൻ വനിതാ ലീഗ് നേടിയാൽ ഗോകുലം കേരളയെ കാത്തിരിക്കുന്നത് ഹാട്രിക്ക് കിരീട നേട്ടം എന്ന ചരിത്രമാണ്. മെയ് 21ന് അഹമ്മദാബാദിൽ വെച്ചാണ് ഫൈനൽ. Gokulam Kerala FC Enters Indian Women’s League Final
18 ആം മിനുട്ടിൽ പ്രതിരോധത്തിൽ നിർമല ഉയർത്തി നൽകിയ പന്ത് ഗോകുലം കേരളയുടെ ബോക്സിന് മുപ്പത് യാർഡ് മുന്നിൽ നിന്നും ഒരു ഹാഫ് വോളിയിലൂടെ വലയിലെത്തിച്ചാണ് കമല ദേവി ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയന് വേണ്ടി ലീഡ് നേടിയത്. എന്നാൽ, സബിത്രയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഇന്ദുമതി ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം ഗോകുലത്തിന്റെ കയ്യിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മിനുട്ടുകൾ ബാക്കി നിൽക്കെ സബിത്ര ഗോകുലത്തിന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ വിവിയൻ അഡ്ജെയുടെ ഗോളിനോപ്പം ഇന്ദുമതിയും സബിത്രയും തങ്ങളുടെ രണ്ടാം ഗോൾ നേടി ടീമിനെ വിജയതീരത്ത് എത്തിച്ചു.
Read Also: ഒളിമ്പിക്‌സ് പരിശീലനം; നിഖത് സരിന് 2 കോടി രൂപ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി
2021ലെ ഇന്ത്യൻ വനിതാ ലീഗ് കൊവിഡ് മൂലം മാറ്റിവച്ചിരുന്നു. എന്നാൽ, 2019ലെയും 2022ലെയും ലീഗ് കിരീടങ്ങൾ നേടിയ ഗോകുലം ഇത്തവണ ലക്ഷ്യമിടുന്നത് ഹാട്രിക്ക് കിരീടമാണ്.
Story Highlights: Gokulam Kerala FC Enters Indian Women’s League Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here