Advertisement

രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്

May 21, 2023
1 minute Read

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്. ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വെയ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം പുരോഗനാത്മകമായ നയങ്ങളിലൂടെ രാജ്യത്തിന് ആത്മവിശ്വാസം പകർന്നു .എണ്‍പതുകളില്‍ ഇന്ത്യന്‍ യുവത്വം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഭരണാധികാരി. നവ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് നയിച്ച രാജീവ് ഗാന്ധി സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നു.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നാല്പതാം വയസില്‍ രാജീവ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1984ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാജീവിന്റെ നേതൃത്വത്തില്‍ വന്‍വിജയം നേടി വീണ്ടും അധികാരത്തിലെത്തി. ഭാവിയെ മുന്നില്‍ കണ്ടുള്ള നയങ്ങളായിരുന്നു രാജീവ് ഗാന്ധിയുടേത്. ടെലികോം വിപ്ലവം, അടിസ്ഥാന മേഖലകളില്‍ ആരംഭിച്ച ആറ് ടെക്നോളജി മിഷനുകള്‍, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടര്‍വത്കരണം, യന്ത്രവത്കരണം, വ്യവസായ നവീകരണം, സാങ്കേതിക മേഖലകള്‍ക്ക് നല്‍കിയ ഊന്നല്‍ എന്നിവ ഇന്ത്യയുടെ രൂപം തന്നെ മാറ്റിമറിച്ചു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ സമഗ്രമായ മാറ്റത്തിന്റെ കാലമായിരുന്നു അത്. ആധുനികമായ സങ്കല്പങ്ങളാണ് രാജീവിനെ നയിച്ചത്. ശാസ്ത്ര സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടത്തിന് ഇടയാക്കിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള രാജീവ് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. നവോദയ വിദ്യാലയങ്ങള്‍ തുടങ്ങിയതും പബ്ലിക് കോള്‍ ഓഫീസുകള്‍ തുടങ്ങിയതും ലൈസന്‍രാജ് രീതി പൊളിച്ചുമാറ്റിയതും രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. പഞ്ചാബ്, അസം, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ സമാധാനം പുന:സ്ഥാപിച്ചതാണ് രാജീവിന്റെ മറ്റൊരു വലിയ സംഭാവന.

അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാന്‍ രാജീവ് ഗാന്ധി ശ്രമിച്ചു. മാലിദ്വീപിലും ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. 1991ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ വെറും 47 വയസായിരുന്നു രാജീവ് ഗാന്ധിയുടെ പ്രായം. ഇന്ത്യയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കേണ്ടിയിരുന്ന ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയുടെ അകാലത്തിലുള്ള വിയോഗമായിരുന്നു അത്. മരണാനന്തരം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി രാജ്യം രാജീവിനെ ആദരിച്ചു.

Story Highlights: Rajiv Gandhi 32nd death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement