Advertisement

ഇന്ന് ജയിച്ചാൽ ഫൈനൽ; ആദ്യ ക്വാളിഫയറിൽ ചെന്നൈ ഗുജറാത്തിനെ നേരിടും

May 23, 2023
Google News 2 minutes Read
csk gujarat titans qualifier

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കും. (csk gujarat titans qualifier)

ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ ബാറ്റർമാരെ തുണച്ചിരുന്ന പിച്ച് ടൂർണമെൻ്റ് പുരോഗമിക്കും തോറും സ്പിൻ ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കുകയാണ്. മൊയീൻ അലി, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാരെ സുനിൽ നരേൻ, വരുൺ ചക്രവർത്തി, സുയാഷ് ശർമ എന്നീ സ്പിന്നർമാരെ ഉപയോഗിച്ച് കൗണ്ടർ ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റിന് ചെന്നൈയെ കീഴടക്കിയത് ഈ മാസം 14നാണ്. നൂർ അഹ്‌മദ്, റാഷിദ് ഖാൻ എന്നീ രണ്ട് ലോകോത്തര സ്പിന്നർമാർക്കൊപ്പം വേണമെങ്കിൽ സായ് കിഷോറിനെക്കൂടി ഇറക്കാൻ കഴിയുന്ന ഫ്ലെക്സിബിലിറ്റി ഉണ്ടെന്നതാണ് ഗുജറാത്തിൻ്റെ കരുത്ത്. ചെന്നൈയുടെ അടുത്ത സ്പിൻ ഓപ്ഷൻ വിദേശ താരമായ മിച്ചൽ സാൻ്റ്നറാണ്. കടലാസിൽ ഗുജറാത്ത് തന്നെ കരുത്തർ. എന്നാൽ, എംഎസ് ധോണി എന്ന നായകനും എക്സ്പ്ലോസീവായ ബാറ്റിംഗ് നിരയും മാർവൽ കഥാപാത്രം ഹൾക്കിനെപ്പോലെ ‘സ്‌മാഷ്’ എന്ന കമാൻഡ് അക്ഷരം പ്രതി അനുസരിക്കുന്ന സ്പിൻ കില്ലർ ശിവം ദുബെയും കൂടിച്ചേരുമ്പോൾ ചെന്നൈ കരുത്തുറ്റ എതിരാളികളാവും.

Read Also: ഐപിഎൽ: അവസാന നാലിൽ പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളും; ‘അടിവാര’ത്തുനിന്ന് ബാക്ക് ബെഞ്ചേഴ്സ് ആയി മുംബൈ

സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്നവരാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് നിരയിലെ ആദ്യ നാലു പേർ. ഗെയ്ക്‌വാദ്, കോൺവെ, രഹാനെ, ദുബെ. ഇതിൽ ആരെങ്കിലും രണ്ടുപേർ ഫോമായാൽ ചെന്നൈ സെയ്ഫ് ആയി. ഫോമിലേക്കെത്തിക്കൊണ്ടിരിക്കുന്ന ചഹാറിനൊപ്പം എക്കണോമി മെച്ചപ്പെടുത്തിയ തുഷാർ പാണ്ഡെയും ഡെത്ത് ഓവർ വീരൻ മതീഷ പതിരനയും ചെന്നൈ ബൗളിംഗ് നിരയെ കരുത്തുറ്റതാക്കുന്നുണ്ട്. മിസ്റ്ററി സ്പിന്നർ മഹീഷ് തീക്ഷണയും രവീന്ദ്ര ജഡേജയും മൊയീൻ അലിയും അടങ്ങുന്ന സ്പിൻ ഓപ്ഷനും വൈവിധ്യമുള്ളതാണ്.

ഗുജറാത്തിൽ ശുഭ്മൻ ഗിൽ തന്നെയാവും നിർണായക പ്രകടനം നടത്തുക. സ്പിന്നർമാർക്കെതിരെയും പേസർമാർക്കെതിരെയും ഒരുപോലെ ഡോമിനൻ്റ് ആണ് ഗിൽ. ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ എന്നിവരും സ്പിൻ ബൗളിംഗിനെ കൗണ്ടർ ചെയ്യാൻ കഴിവുള്ളവരാണ്. വിജയ് ശങ്കറിനു പകരം സായ് സുദർശൻ കളിച്ചേക്കാനിടയുണ്ട്. സ്വീപ്പ് ഷോട്ടുകൾ നന്നായി കളിക്കുന്ന സുദർശൻ വിജയ് ശങ്കറിനെക്കാൾ സ്പിന്നിനെതിരെ നല്ല താരമാണ്. ഗുജറാത്തിൻ്റെ ബൗളിംഗ് എടുത്തുപറയേണ്ടതില്ല. ടൂർണമെൻ്റിലെ ഏറ്റവും ശക്തമായ നിര.

Story Highlights: csk gujarat titans ipl preview qualifier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here