‘അവർക് വേണ്ടത് ചിത്രങ്ങളാണ്. അത് വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ചെയ്ത് അവരൊക്കെ നമ്മുടെ കൂടെയുണ്ടെന്ന് പറയണം. കലാകാരൻമാർ കൂടുതൽ സെൻസിബിൾ ആയി പ്രവർത്തിക്കണം’ : പ്രകാശ് രാജ്

സിനിമാ മേഖലയിലുള്ളവർ ബിജെപിയുടെ സൗഹൃദം സ്ഥാപിക്കുന്നതിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ഇൻഡ്സ്ട്രിയിലെ പലരെയും കാണുമ്പോൾ തനിക്ക് നിരാശ തോന്നാറുണ്ടെന്നും സിനിമാ താരങ്ങൾ സെൻസിബിളായി പ്രവർത്തിക്കണമെന്നും പ്രകാശ് രാജ് പറയുന്നു. മിറർ നൗ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്. ( prakash raj about film workers befriending bjp )
സംവിധായകർ, നടീ-നടൻമാർ, സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നവർ ബിജെപിയുമായി സൗഹൃദം സ്ഥാപിക്കുന്നത് ആശയപരമായിട്ടല്ലെന്നും ഭയമോ മറ്റോ കൊണ്ടാണെന്നും പ്രകാശ് രാജ് പറയുന്നു. ‘ബിജെപിമാത്രമല്ല കോൺഗ്രസും ഇതൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇത് ബിജെപിയാണെങ്കിലും പണ്ടും മറ്റുപല പാർട്ടികൾക്കും സ്വയം വിൽക്കപ്പെടുന്നവരെ നാം കണ്ടിട്ടുണ്ട്. ഇതൊരു മനുഷ്യവിൽപ്പനയാണ്. അത് എനിക്ക് സ്വീകാര്യമല്ല. നമുക്ക് ഇവരെ കിട്ടും എന്ന് ഭരണകക്ഷിയിലുള്ളവർ വിശ്വസിക്കുകയാണ്. സിനിമാ താരങ്ങളുടെ ഗ്ലാമർ, ഇവരെല്ലാം തങ്ങളെ സപ്പോർട്ട് ചെയ്യുന്നു എന്നു പറയുമ്പോഴുള്ള മൈലേജ്. അമിത് ഷാ വരുന്നു, ഫോട്ടോയെടുക്കുന്നു. അവർക്ക് ഞങ്ങളെ അറിയുമോ എന്നു പോലും അറിയില്ല. പക്ഷെ അവർക് വേണ്ടത് ചിത്രങ്ങളാണ്. അത് വാട്സ്ആപ് യൂനിവേഴ്സിറ്റിയിൽ പോസ്റ്റ് ചെയ്ത് അവരും ഇവരും നമ്മുടെ കൂടെയുണ്ടെന്ന് പറയണം. കലാകാരൻമാർ കൂടുതൽ സെൻസിബിൾ ആയി പ്രവർത്തിക്കണം’ പ്രകാശ് രാജ് പറഞ്ഞു.
കേരള സ്റ്റോറിയായാലും കശ്മീർ ഫയൽസായാലും ഇനിയുണ്ടാക്കാൻ പോകുന്ന തെലങ്കാനയിലെ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മുസ്ലിംങ്ങൾ എത്രമോശക്കാരായിരുന്നു എന്നു കാണിക്കുന്ന സിനിമയടക്കം കാണിക്കുന്നത് ബിജെപി പരത്തുന്ന ഭീതിയാണെന്ന് പ്രകാശ് രാജ് അഭിമുഖത്തിൽ പറഞ്ഞു. ചിത്രങ്ങളെ നിരോധിക്കണം എന്ന് താൻ പറയില്ലെന്നും അതിൽ താൻ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു. ‘അതിലെ പ്രൊപ്പഗാന്റയാണ് പ്രശ്നം. പ്രധാനമന്ത്രി അതിനെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നു. അവിടെയും അദ്ദേഹം സിനിമയുടെ പ്രചാരകനാവുകയാണ്. ബിജെപി സർക്കാർ ചിത്രത്തിന് നികുതി ഇളവ് നൽകുന്നു. ഇതെല്ലാം രാജ്യത്ത് ഒരു തരം അൺറസ്റ്റ് ഉണ്ടാക്കും. ഇത് ഷിന്റ്ലേഴ്സ് ലിസ്റ്റൊന്നും അല്ലല്ലോ? ഇതിലൊരു ആത്മാർത്ഥതയും ഇല്ല, വിശ്വാസ്യതയുമില്ല. ഇതൊക്കെ കാണുമ്പോൾ ഒരു സ്പേഡിനെ സ്പേഡ് എന്നു വിളിക്കേണ്ടേ? ഇലക്ഷനു മുമ്പ് ഇത് റിലീസ് ചെയ്യേണ്ട കാര്യം എന്തായിരുന്നു? എന്താണ് ഇതിന്റെ ടൈമിങ്? പബ്ലിസിറ്റിക്ക് വേണ്ടി 32,000 എന്നു പറയുന്നു. പിന്നീടത് മൂന്നാക്കുന്നു. അപ്പോഴേക്കും ചെയ്യേണ്ട ഡാമേജല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു’ പ്രകാശ് രാജ് പറഞ്ഞു.
Story Highlights: prakash raj about film workers befriending bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here