ഭൂമിയിലേത് പോലെ വ്യാഴത്തിലും മിന്നലുണ്ടാകുന്നു; വിശദീകരണം നല്‍കി പഠനം

വലുപ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മുടെ കൊച്ചുഭൂമിയുമായി ഏറെ കാര്യങ്ങളില്‍ ഭീമമായ വ്യത്യാസമുള്ള ഗ്രഹമാണ് വ്യാഴം. നാസയുടെ ജൂണോ മുതലുള്ള വ്യാഴത്തെക്കുറിച്ച് പഠിച്ച പല വിവരങ്ങളും ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്. ഭൂമിയുടേതിന് സമാനമായ മിന്നല്‍ വ്യാഴത്തിലും ഉണ്ടാകാറുണ്ട്. വ്യാഴത്തില്‍ മിന്നല്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന ചോദ്യത്തിന് വിശദമായ മറുപടി നല്‍കുന്ന ഒരു പഠനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. (NASA Spacecraft Reveals How Jupiter’s Lightning Resembles Earth’s)
ചെക്ക് അക്കാദമി ഓഫ് സയന്‍സസിലെ പ്ലാനറ്ററി ശാസ്ത്രജ്ഞന്‍ ഇവാന കോള്‍മസോവയുടെ നേതൃത്വത്തിലുള്ള സംഘം നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചില സുപ്രധാന കണ്ടെത്തലുകളുള്ളത്. വ്യാഴത്തെ പൊതിഞ്ഞുനില്‍ക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള അമോണിയ മേഘങ്ങളിലും ഭൂമിയിലെ മേഘങ്ങളുടേതിന് സമാനമായി വെള്ളം തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ഉപഗ്രഹങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനസംഘം വ്യക്തമാക്കി.
മേഘത്തിനുള്ളിലെ മഞ്ഞുപാളികളും ജലകണങ്ങളും കൂട്ടിയിടിച്ച് ചാര്‍ജ് ചെയ്യപ്പെടുകയും ഒരു ധ്രുവത്തില്‍ ചാര്‍ജുള്ള കണങ്ങളുടെ പാളികള്‍ രൂപപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ മേഘങ്ങളില്‍ ഒരു വൈദ്യുത മണ്ഡലം സ്ഥാപിക്കപ്പെടുന്നു. ഈ വൈദ്യുത മണ്ഡലമാണ് മിന്നലിന് കാരണമാകുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴത്തിലേയും ഭൂമിയിലേയും മിന്നലിന്റെ നിരക്ക് സമാനമാണെന്നാണ് പഠനം പറയുന്നത്. സൗരയൂഥത്തിലെ മറ്റ് വാതക ഗ്രഹങ്ങളായ ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയ്ക്കും മിന്നല്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നാസയുടെ ജൂണോ നല്‍കിയ വിവരങ്ങളാണ് വ്യാഴത്തിലും മിന്നലുണ്ടാകുന്നുവെന്ന നിര്‍ണായക തെളിവുകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
Story Highlights: NASA Spacecraft Reveals How Jupiter’s Lightning Resembles Earth’s