ലക്ഷക്കണക്കിന് പണം മാത്രമല്ല, കൈക്കൂലിയായി പുഴുങ്ങിയ മുട്ടയും, തേനും കുടുംപുളി പോലുള്ള കാർഷിക വിളകളും; എന്നിട്ടും താമസം 2,500 രൂപ പ്രതിമാസവാടകയുള്ള ഒറ്റമുറി വീട്ടിൽ; കൈക്കൂലി ചോദിക്കുന്നതിനും ചില രീതികൾ

പാലക്കയം കൈക്കൂലി കേസിൽപ്രതി സുരേഷ് കുമാറിന്റേത് വിചിത്ര ജീവിത രീതിയായിരുന്നു. കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപ വാങ്ങുമെങ്കിലും പ്രതിമാസം 2,500 രൂപ മാത്രം വാടകയുള്ള ഒറ്റമുറി വീട്ടിലായിരുന്നു സുരേഷ് കുമാറിന്റെ താമസം. കൈക്കൂലി ചോദിക്കുന്നത് പോലും സൂക്ഷിച്ചായിരുന്നു. ( palakkayam bribery case details )
ജാഗ്രതയോടെ നീക്കം
അതീവ ജാഗ്രതയോടെയാണ് സുരേഷ് കുമാർ നീങ്ങിയിരുന്നത്. നേരിട്ട് മാത്രമേ സുരേഷ് സാധാരണക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുള്ളു. ഫോണിലൂടെ സംസാരിക്കുമ്പോൾ നേരിട്ട് വരാൻ ആവശ്യപ്പെടും. തരേണ്ട പണത്തെ കുറിച്ച പറയുകയും നേരിട്ട്തന്നെയായിരുന്നു. വിജിലൻസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരുമാസവും രീതി ഇങ്ങനെ തന്നെയായിരുന്നു.
കോടികളുടെ അനധികൃത സ്വത്ത് സമ്പാദനം
കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വി സുരേഷ് കുമാർ നടത്തിയത് കോടികളുടെ അനധികൃത സ്വത്ത് സമ്പാദനമാണ്. തേനും കുടംപുളിയും നാണയ തുട്ടുകളുമടക്കം പ്രതി കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. നാട്ടുകാരുടെ മാസങ്ങളായുള്ള പരാതി അവഗണിച്ചാണ് പ്രതി വില്ലേജ് അസിസ്റ്റന്റായി തുടർന്നിരുന്നത്. വിജിലൻസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംസ്ഥാന വിജിലൻസ് റെയ്ഡുകളുടെ ചരിത്രത്തിലെ തന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അനധികൃത സ്വത്ത് സമ്പാദ്യം പിടികൂടുന്നത്. 35,70,000 രൂപയാണ് ആകെ സുരേഷ് കുമാറിന്റെ ലോഡ്ജിൽ നിന്ന് പിടിച്ചെടുത്തത്. കൈക്കൂലിയായി പ്രതി വാങ്ങിയിരുന്ന തേൻ കുടംപുളി,നാണയത്തുട്ടുകൾ, പേന, മുണ്ട് എന്നിവയടക്കം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. കാലങ്ങളായി ഉദ്യോഗസ്ഥനെതിരെ നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട് നടന്ന സംസ്ഥാന സർക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് സുരേഷ് കുമാർ വിജിലൻസ് പിടിയിലാകുന്നത്. ആകെ ഒരു കോടി രൂപയ്ക്ക് മുകളിൽ പ്രതി അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ.വിഷയത്തിൽ റെവന്യു സെക്രട്ടറിക്ക് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് കൈമാറി.
അതേസമയം, ജില്ലയിൽ കൂടുതൽ വില്ലേജ് ഓഫിസുകൾ വിജിലൻസ് നിരീക്ഷണത്തിലാണ്. പാലക്കയം വില്ലേജ് ഓഫിസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും.
Story Highlights: palakkayam bribery case details