മലേഷ്യ മാസ്റ്റേഴ്സ്: പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും ക്വാർട്ടർ ഫൈനലിൽ

ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവും ആറാം സീഡുമായ സിന്ധു സ്ഥാനം ഉറപ്പിച്ചത്. ചൈനയുടെ ഷി ഫെങ് ലിയെ തോൽപ്പിച്ചായിരുന്നു പ്രണോയുടെ മുന്നേറ്റം.(PV Sindhu, HS Prannoy Enter Quarterfinals Of Malaysia Masters)
സിന്ധുവിൻ്റെ ആധിപത്യമായിരുന്നു മത്സരത്തിൽ കാണാൻ കഴിഞ്ഞത്. 40 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-16, 21-11 എന്ന സ്കോറിന് ഒഹോറിയെ സിന്ധു പരാജയപ്പെടുത്തി. ഇതോടെ ഒഹോറിക്കെതിരെ 12-0 എന്ന അപരാജിത റെക്കോർഡും സിന്ധു സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ 28-ാം സ്ഥാനത്താണ് ജാപ്പനീസ് താരം. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ യി മാൻ ഷാങ്ങാണ് സിന്ധുവിന്റെ എതിരാളി.
ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ലോക ഒമ്പതാം നമ്പർ താരം പ്രണോയിയുടെ മുന്നേറ്റം. ലോക 11-ാം നമ്പർ ലീയെ 13-21, 21-16, 21-11 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. മൂന്നാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയും ജപ്പാന്റെ കെന്റ നിഷിമോട്ടോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ നേരിടുക.
Story Highlights: PV Sindhu, HS Prannoy Enter Quarterfinals Of Malaysia Masters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here