അഞ്ചലിൽ പട്ടാപ്പകൽ വീട്ടിനുള്ളിൽ യുവാവിനെ കെട്ടിയിട്ട് 35 ലക്ഷം രൂപ കവർന്നു

കൊല്ലം അഞ്ചലിൽ പട്ടാപ്പകൽ വീട്ടിനുള്ളിൽ യുവാവിനെ കെട്ടിയിട്ട് 35 ലക്ഷം രൂപ കവർന്നു. അഞ്ചൽ കൈപ്പള്ളി സ്വദേശി സിബിൻഷായെ കെട്ടിയിട്ടാണ് നാൽവർസംഘം കവർച്ച നടത്തിയത്. സംഭവത്തിൽ അഞ്ചൽ പോലീസ് അന്വേഷണം ആരംഭിച്ചു. ( Theft at house in Anchal Rs 35 lakh stolen ).
വീട്ടിനുള്ളിൽ പണം ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് നടത്തിയ കവർച്ചയാണിതെന്ന പ്രാഥമിക നിഗമനമനത്തിലാണ് പൊലീസ്. സിബിൻഷായുടെ പിതാവ് നസീർ പളളിയിൽ പോയ സമയത്ത് നാലംഗ സംഘം വീട്ടിനുള്ളിൽ കടന്നു. തുടർന്ന് സിബിൻഷായെ കെട്ടിയിട്ടശേഷം മുളകുപൊടി വിതറി കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി അലമാരയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കവരുകയായിരുന്നു. വീട്ടുകാർ പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പിതാവിൻ്റെ വ്യാപാരസ്ഥാപന വിൽപ്പനയുമായി ബന്ധപ്പെട്ട് കിട്ടിയ 35 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടിൽ സിബിൻ ഷായും മാതാവും അയൽവാസിയായ മറ്റൊരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. മോഷ്ടാക്കൾ സിബിൻഷായുടെ ഇരുകൈകളിലും കത്തികൊണ്ട് വരഞ്ഞു മുറിവേൽപ്പിക്കുകയും ചെയ്തു.
സ്ഥലത്ത് പുനലൂർ ഡിവൈഎസ് പി വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വീട്ടുകാരുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Story Highlights: Theft at house in Anchal Rs 35 lakh stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here