Advertisement

ജന്തർ മന്ദറിൽ സമരത്തിനു വിലക്ക്; തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കും

May 30, 2023
Google News 2 minutes Read

തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കും. ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്ത സാഹചര്യത്തിൽ, സമരവേദി അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. (jantar mantar wrestlers protest)

മഹിള മഹാ പഞ്ചായത്തിന് ശേഷം സമരസമിതി യോഗം ചേരുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ഡൽഹിയിൽ പ്രതിഷേധിച്ച മുഴുവൻ പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്തിനാൽ ഇതുവരെ യോഗം ചേരാൻ കഴിഞ്ഞില്ലെന്ന് താരങ്ങൾ അറിയിച്ചു. ഭൂരിഭാഗം പേരെയും അർദ്ധ രാത്രിയോടെയാണ് പൊലീസ് വിട്ടയച്ചത്. തുടർ സമര സംബന്ധിച്ച് പ്രാഥമിക തീരുമാനം ഗുസ്തി താരങ്ങളുടേതാകും. അതിനുശേഷം കാപ്പ പഞ്ചായത്ത് നേതാക്കളും കർഷകരും അടങ്ങുന്ന സമരസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ജന്തർ മന്ദറിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സമരം ഡൽഹി അതിർത്തികളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.

Read Also: “ഭയപ്പെടുത്തുന്ന ചിത്രം, പ്രശ്നങ്ങൾ മാന്യമായി പരിഹരിക്കണം”: ഗുസ്തി താരങ്ങൾക്കെതിരായ നടപടിക്കെതിരെ അഭിനവ് ബിന്ദ്ര

ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന രംഗത്തുവന്നിരുന്നു. ആവശ്യമെങ്കിൽ പൊലീസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എൻസി അസ്താന ഐപിഎസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റർ അകലെയാണ് സംഘർഷം. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാർച്ച്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലം പ്രയോഗിച്ചു. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും തള്ളുകയും ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു.

പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കലാപ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തിയിട്ടുണ്ട്.

Story Highlights: jantar mantar wrestlers protest update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here