മലയാള സാഹിത്യത്തിലെ വിപ്ലവകാരി, ഓര്‍മകളില്‍ പ്രിയ കമല

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി വിട പറഞ്ഞിട്ട് പതിനാല് വര്‍ഷം. ഒരു വേനലവധിക്കാലത്തിന്റെ അരികു ചേര്‍ന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ ആ പ്രതിഭയുടെ ഓര്‍മകളിലാണ് മലയാള സാഹിത്യ ലോകമിന്ന്. ഒരേ സമയം ഒരു നീര്‍മാതളപ്പൂവിന്റെ നൈര്‍മല്യമുള്ള വാക്കുകളിലൂടെ ബാല്യകാല സ്മരണകള്‍ വായനക്കാരിലേക്ക് സംക്രമിപ്പിച്ച എഴുത്തുകാരിയും, പുരുഷ കേന്ദ്രീകൃതമായ മലയാള സാഹിത്യ ലോകത്ത് സ്വന്തം ഇരിപ്പിടമുണ്ടാക്കിയ വിപ്ലവകാരിയുമായിരുന്നു മാധവിക്കുട്ടി എന്ന കമല സുരയ്യ.(Madhavikutty 14 years of death anniversary)
സാഹിത്യ പാരമ്പര്യം വേണ്ടുവോളമുണ്ടായിരുന്ന നാലപ്പാട്ട് തറവാട്ടില്‍ 1934 മാര്‍ച്ച് മാസം 31 ന് ജനിച്ച മാധവിക്കുട്ടിക്ക് എഴുത്ത്, ജന്മനാ ലഭിച്ച സിദ്ധിയായിരുന്നു. പുന്നയൂര്‍കുളത്തിന്റെ നാട്ടിന്‍പുറ നന്മകളില്‍ നിന്നും, കൊല്‍ക്കത്തയുടെയും പുനെയുടെയും പരുക്കന്‍ നഗര യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒക്കെ തനിക്കു വേണ്ടി കഥാ പാത്രങ്ങളെ യഥേഷ്ടം കണ്ടെത്തിയിരുന്നു മാധവിക്കുട്ടി.

ജീവിതയാത്രയില്‍ ലഭിച്ച നോവുകള്‍ സഹിച്ചു സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടാതെ തന്റെ തൃഷ്ണകളെയും അസംതൃപ്തിയെ പറ്റിയുമെല്ലാം അവര്‍ തുറന്നെഴുതി. 1973 ല്‍ പ്രസിദ്ധീകരിച്ച ‘എന്റെ കഥ’ എന്ന ആത്മകഥയിലൂടെ മലയാളത്തിലെ പെണ്ണെഴുത്തിനു പുതിയ മാനങ്ങള്‍ കൊണ്ട് വരാന്‍ മാധവിക്കുട്ടിക്ക് സാധിച്ചു.
നാലപ്പാട്ട് തറവാടും പ്രിയപ്പെട്ട മാധവിക്കുട്ടിയും. ഫ്ലവേഴ്സിൻ്റെ മാധവിക്കുട്ടി ഓർമ ‘നീർമാതളം’ കാണാം:
Read Also: ഹിറ്റായി മാറിയ കൊച്ചുത്രേസ്യയും കുട്ടന്റെ അമ്മയും; മലയാള സിനിമയിലെ സൂപ്പർ കൂൾ അമ്മമാർ
1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മാധവിക്കുട്ടി അതേ വര്‍ഷം ലോക് സേവാ പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചു തിരുവനന്തപുരത്തു നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചു. പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്ന മാധവിക്കുട്ടി 1999-ല്‍ ഇസ്ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.

നാലപ്പാട്ട് തറവാടിന്റെ നടുമുറ്റത്ത് നിന്നാരംഭിച്ച സംഭവ ബഹുലമായ ആ യാത്ര 2009 – ല്‍ തിരുവന്തപുരത്തെ പാളയം ജുമാ മസ്ജിദിലെ അന്ത്യ വിശ്രമ സ്ഥലത്തെത്തിയപ്പോള്‍ മലയാളത്തിന് നെയ്പായസത്തിന്റെ നറു ഗന്ധമുള്ള അക്ഷരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. ജീവിതത്തിന്റെ സൗന്ദര്യവും സൗന്ദര്യമില്ലായ്മയും കലര്‍പ്പുകളേതുമില്ലാത്ത വാക്കുകളിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയ അതുല്യ എഴുത്തുകാരിക്ക് സ്മരണാഞ്ജലി.
Story Highlights: Madhavikutty 14 years of death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here