പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

മുൻ ബെംഗളൂരു എഫ്സി താരം പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2026 വരെ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കും. 29കാരനായ താരം മുൻപ് എടികെ മോഹൻ ബഗാനിലും ഡെംപോ, മോഹൻ ബഗാൻ തുടങ്ങിയ ഐഎലീഗ് ക്ലബുകളിലും കളിച്ചിട്ടുണ്ട്. (kerala blasters prabir das)
റൈറ്റ് ബാക്കായ പ്രബീർ 2012-13 സീസണിൽ ഐലീഗ് ക്ലബായ പൈലൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2013 സീസണിൽ താരം ഡെംപോയിലെത്തി. 2014ൽ ഐലീഗ് ക്ലബായ എഫ്സി ഗോവയിലും 2015ൽ ഡൽഹി ഡൈനാമോസിലും വായ്പാടിസ്ഥാനത്തിൽ കളിച്ച താരം 2015 മുതൽ 2017 വരെ മോഹൻ ബഗാൻ്റെ താരമായി. 2016ൽ എടികെയ്ക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ച പ്രബീറിനെ 2017ൽ എടികെ സ്വന്തമാക്കി. 2022 വരെ താരം എടികെയിൽ തുടർന്നു. കഴിഞ്ഞ സീസണിലാണ് പ്രബീർ ബെംഗളൂരുവിലെത്തിയത്.
പ്രതിരോധം ഇനി അതിശക്തം! 👊
— Kerala Blasters FC (@KeralaBlasters) June 1, 2023
Bringing experience and firepower to our defensive line! 🔥
We are delighted to announce the signing of Prabir Das on a free transfer. The full-back has signed on until 2026! 💛#SwagathamPrabir #Prabir2026 #KBFC #KeralaBlasters pic.twitter.com/DOAXs06VaO
കേരള ബ്ലാസ്റ്റേഴ്സ് പൂർണമായും അഴിച്ചുപണിക്കൊരുങ്ങുകയാണ്. വിദേശതാരങ്ങളായ ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു എന്നിവർക്കൊപ്പം ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവർ കൂടി ക്ലബ് വിട്ടു. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. മാർകോ ലെസ്കോവിച്, ദിമിത്രിയോസ് ഡയമൻ്റക്കോസ് എന്നിവർ മാത്രമാണ് നിലവിൽ ക്ലബിലുള്ള വിദേശ താരങ്ങൾ. ഇതിൽ ഡയമൻ്റക്കോസിൻ്റെ കരാർ 2024 വരെ നീട്ടിയിട്ടുണ്ട്.
യുക്രൈൻ ക്ലബിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ മധ്യനിര താരം കലിയുഷ്നി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. താരത്തെ നിലനിർത്താനാണ് ക്ലബ് ആഗ്രഹിച്ചതെങ്കിലും യുക്രൈൻ ക്ലബ് വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. ഡയമൻ്റക്കോസിനൊപ്പം ടീമിലെത്തിയ ഗ്രീക്ക്, ഓസ്ട്രേലിയ ഫോർവേഡ് അപ്പോസ്തലോസ് ജിയാന്നു പേരിനൊത്ത പ്രകടനം നടത്തിയിരുന്നില്ല. കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് പ്രതിരോധ താരമാണ് വിക്ടർ മോംഗിൽ. 2021ലാണ് പ്രതിരോധ താരമായ ഖബ്ര ടീമിലെത്തിയത്. പത്താം നമ്പർ ജഴ്സിയണിഞ്ഞിരുന്ന ഖബ്ര ടീമിലെ സുപ്രധാന താരമായിരുന്നു. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലൂടെയാണ് മുഹീത് ഖാൻ എത്തിയത്. ഗോൾ കീപ്പറായ മുഹീത് 2020 മുതൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പമുണ്ട്. ടീം ക്യാപ്റ്റനായിരുന്ന ജെസൽ 2019ൽ ഡെംപോ ഗോവയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ്.
ഈ മാസം 16ന് ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷുവ സൊറ്റിരിയോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു. 27കാരനായ താരം വരുന്ന സീസൺ മുതൽ ക്ലബിനായി കളിക്കും.
Story Highlights: kerala blasters signed prabir das
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here