Advertisement

ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഹരിയാന ബി.ജെ.പിയിൽ ഭിന്നത രൂക്ഷം

June 2, 2023
Google News 2 minutes Read
wrestlers protest haryana bjp

ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹരിയാന ബി.ജെ.പിയിൽ ഭിന്നത രൂക്ഷം. ഹിസാർ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജും താരങ്ങളെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നു. അതേസമയം, ഗുസ്തിതാരങ്ങളുടെ വിഷയം ഹരിയാനയുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. (wrestlers protest haryana bjp)

മുഴുവൻ ജീവിതകാലത്തേയും കഠിനപ്രയ്തനത്തിന്റെ സമ്പാദ്യമായ മെഡലുകൾ വിശുദ്ധമായ ഗംഗയിലൊഴുക്കുന്നതിനോളം ഗുസ്തിതാരങ്ങളെ എത്തിച്ച നിസഹായാവസ്ഥ തനിക്ക് മനസിലാക്കാൻ കഴിയുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബ്രിജേന്ദ്ര സിങ് പറഞ്ഞു. അതേസമയം, വിഷയം കേന്ദ്ര സർക്കാരും താരങ്ങളും തമ്മിലുള്ള പ്രശ്നമാണെന്നും സംസ്ഥാനവുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി വകുപ്പുകൾ ബ്രിജ് ഭൂഷണെതിരെ ചുമത്തിയിട്ടുണ്ട്.

Read Also: പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ; ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്‌ഐആറുകൾ, വിവരങ്ങൾ പുറത്ത്

ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ഐപിസി സെക്ഷൻ 354, 354 എ, 354 ഡി, 34 എന്നിവ രണ്ട് എഫ്‌ഐആറുകളിലും ഉദ്ധരിക്കുന്നു. ആദ്യ എഫ്‌ഐആറിൽ ആറ് മുതിർന്ന ഗുസ്തിക്കാരുടെ ആരോപണങ്ങളും ഡബ്ല്യുഎഫ്‌ഐ സെക്രട്ടറി വിനോദ് തോമറിന്റെ പേരുമുണ്ട്. രണ്ടാമത്തെ എഫ്‌ഐആർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമാണ് രണ്ടാമത്തെ എഫ്‌ഐആർ.

2012 മുതൽ 2022 വരെ ഇന്ത്യയിലും വിദേശത്തുമായാണ് സംഭവങ്ങൾ നടന്നതെന്നും ഇതിൽ പറയുന്നു. ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികൾ ബ്രിജ് ഭൂഷനെതിരെയുണ്ട്. കൂടാതെ ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുവെന്ന പരാതിയിൽ രണ്ട് കേസിലും ഇയാളെ പ്രതിയാക്കിയിട്ടുണ്ട്. ശരിയല്ലാത്ത രീതിയിൽ സ്പർശിക്കുക, പെൺകുട്ടികളുടെ മാറിടം പിടിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരിൽ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങൾ തേടുക, താരങ്ങൾക്ക് ടൂർണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകൾക്കുള്ള ചികിത്സക്ക് ഫെഡറേഷൻ നൽകുന്ന സൗകര്യത്തിനും ഡയറ്റീഷ്യനും കോച്ചും അനുവദിക്കാത്ത ഭക്ഷണ പദാർഥങ്ങൾ വാഗ്ദാനം ചെയ്തും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നെഞ്ചത്ത് തലോടുക, ദേഹത്ത് തലോടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്.

Story Highlights: wrestlers protest haryana bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here