ഒഡിഷ ട്രെയിൻ ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രി; അന്വേഷണം പ്രഖ്യാപിച്ച് റയിൽവെ മന്ത്രി

ഒഡിഷയിൽ കോറമണ്ഡൽ എക്സ്പ്രസ് ചരക്കു തീവണ്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അനുശോചനം രേഖപ്പടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി ഈ അവസരത്തിൽ താൻ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നിൽക്കുന്നെന്ന് വ്യക്തമാക്കി. കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായി അറിയിച്ച പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. PM Modi Condoles Odisha Train Disaster Railway Minister Announces Investigation
കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡിഷയിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനത്തെ ദൗത്യ സംഘവും വ്യോമസേനയും അണിനിരന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വിഷയത്തിൽ അന്വേഷണം നടത്താനും മന്ത്രി ഉത്തരവിട്ടു.
രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 207 മരണം സ്ഥിരീകരിച്ചു. 900ലേറെ പേർക്കാണ് പരുക്കേറ്റത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കി.
കോറമണ്ഡൽ എക്‌സ്പ്രസ് ചരക്കുതീവണ്ടിയിൽ ഇടിച്ചുണ്ടായ അപകടമാണ് വൻ ദുരന്തത്തിൽ കലശിച്ചത്.പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡൽ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻഡിആർഎഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂർ സ്വദേശികളായ നാലുപേർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.
Story Highlights: PM Modi Condoles Odisha Train Disaster Railway Minister Announces Investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here