Advertisement

റയൽ മാഡ്രിഡിന്റെ പടിയിറങ്ങി കരിം ബെൻസിമ; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

June 4, 2023
Google News 3 minutes Read
Image of Karim Benzema celebrating

പതിനാല് വർഷം നീണ്ടു നിന്ന ഇതിഹാസതുല്യമായ കരിയറിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുന്നു. ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ബെൻസിമ പടിയിറങ്ങുന്നതായി റയൽ മാഡ്രിഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരാറിൽ ഒരു വർഷം ബാക്കി നിൽക്കുമ്പോഴാണ് ക്ലബ് വിടാൻ ബെൻസിമ തീരുമാനമെടുത്തത്. അടുത്ത സീസണിൽ, സൗദി അറേബ്യയിലേക്ക് താരം ചേക്കേറുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. താരത്തിന്റെ ഒപ്പം റയൽ മാഡ്രിഡിൽ പന്ത് തട്ടിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നാസറിനായാണ് ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ ദിവസം ബെൻസിമയെ റൊണാൾഡോ സൗദിയിലേക്ക് ബൂട്ട് കെട്ടാൻ ക്ഷണിച്ചിരുന്നു. Real Madrid officially confirmed Departure of Karim Benzema

ഇരുപത്തിയൊന്നാം വയസിലാണ് താരം ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നും സാന്റിയാഗോ ബെർണ്യാബുവിൽ എത്തുന്നത്. അത് വർഷം തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബിലെത്തുന്നത്. മാഡ്രിഡിന്റെ ആക്രമണം നയിക്കാൻ റൊണാൾഡോ ഉണ്ടായിരുന്നതിനാൽ ആദ്യ കാലങ്ങളിൽ ബെൻസിയുടെ സ്ഥാനം ബെഞ്ചിലായിരുന്നു. ആദ്യ സീസണിൽ കാര്യമായ പ്രകടനം താരത്തിന് കാഴ്ച വെക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട്, കളിക്കളത്തിൽ മാഡ്രിഡിന്റെ നിർണായക സണ്ണിശ്യമായ മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസിമയും ഗാരെത് ബെയ്‌ലും അടങ്ങുന്ന ബിബിസി എന്നറിയപ്പെടുന്ന മുന്നേറ്റ നിര അന്ന് യൂറോപ്പിലെ ടീമുകളുടെ പേടിസ്വപ്നം ആയിരുന്നു. 2014 മുതൽ തുടർച്ചയായ മൂന്നു വർഷം ചാമ്പ്യൻസ് ലീഗ് കിരീടം സാന്റിയാഗോ ബെർണ്യാബുവിന്റെ മണ്ണിലെത്തിക്കാൻ ഈ ടീമിന് സാധിച്ചു.

2018 ൽ റൊണാൾഡോ ക്ലബ് വിട്ടതോടെയാണ് ബെൻസൈമയുടെ കരിയറിന്റെ സുവർണകാലം ആരംഭിക്കുന്നത്. അന്ന് മുതൽ കഴിഞ്ഞ സീസൺ വരെയും സ്പാനിഷ് ലീഗിന്റെ ടീം ഓഫ് ദി സീസണിൽ താരം ഇടം പിടിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായി 2022 ബെൻസിമ ആഘോഷിച്ചത് ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള ല ലിഗയിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതിനുള്ള പിച്ചീച്ചി അവാർഡും ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡോറും നേടിയാണ്.

Read Also: ഗുണ്ടോഗന്‍റെ ഇരട്ട ഗോളിൽ യുണൈറ്റഡ് വീണു; എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

മാഡ്രിഡിന് വേണ്ടിയുള്ള പതിനാല് സീസണുകളിൽ നിന്നായി 25 കിരീടങ്ങൾ താരം നേടി. അഞ്ച് ചാമ്പ്യൻസ് ലീഗുകളും 4 യൂറോപ്യൻ സൂപ്പർ കപ്പുകളും 4 സ്പാനിഷ് ലീഗ് കിരീടങ്ങളും അദ്ദേഹത്തിനുണ്ട്. കൂടാതെ, 3 കോപ്പ ഡെൽ റേയും 4 സ്പാനിഷ് സൂപ്പർ കപ്പും മാഡ്രിഡിനായ് അദ്ദേഹം നേടി. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (647) താരം 353 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ന് രാത്രി ലീഗിലെ അവസാന മത്സരം കളിക്കാനായി അത്‌ലറ്റികോ ബിൽബാവോക്ക് എതിരെ റയൽ മാഡ്രിഡ് ഇറങ്ങുന്നുണ്ട്. ഒരുപക്ഷെ, റയൽ മാഡ്രിഡിന് വേണ്ടി താരത്തിന്റെ അവസാന മത്സരവും ഇതായിരിക്കും.

Story Highlights: Real Madrid officially confirmed Departure of Karim Benzema

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here