Advertisement

എന്‍ട്രിക്കിന്റെ ‘റയല്‍ എന്‍ട്രി’ വികാരനിര്‍ഭരം; റയല്‍ മാഡ്രിഡില്‍ കളിക്കുന്നത് അഭിമാനകരമെന്ന് ബ്രസീലിയന്‍ താരം

July 29, 2024
Google News 2 minutes Read
Endrik

താരനിബിഢമായ ടീമാണ് സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയല്‍ മഡ്രിഡ്. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയ മിന്നുംതാരങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഇനി ആ പതിനെട്ടുകാരനുമുണ്ടാകും. കുട്ടിക്കാലം മുതല്‍ ആരാധിച്ച ക്ലബിനായി ആറു വര്‍ഷത്തെ കരാറൊപ്പിട്ടതിന് ശേഷം ആരാധകരെയും ക്ലബ് അധികൃതരെയും അഭിസംബോധന ചെയ്യുമ്പോള്‍ കുസൃതി മാറാത്ത കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഓലിച്ചിറങ്ങുന്നുണ്ടായിരുന്നു. കിലിയന്‍ എംബാപ്പെക്കു പിന്നാലെയാണ് പ്രൗഢഗംഭീരമായ ചടങ്ങില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നിലേക്ക് എന്‍ഡ്രിക്കിനെയും റയല്‍ അവതരിപ്പിച്ചത്.

ഒരു വര്‍ഷം മുമ്പ് തന്നെ ക്ലബ് അധികൃതര്‍ എന്‍ട്രിക്കുമായും അദ്ദേഹത്തിന്റെ മുന്‍ക്ലബ് ആയ ബ്രസിലിലെ പാല്‍മിറാസ് അധികൃതരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാജ്യം വിടാന്‍ എന്‍ട്രിക്കിന് 18 വയസ്സ് പൂര്‍ത്തിയാകണമായിരുന്നു. 18 തികഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ആഘോഷപൂര്‍വം എന്‍ഡ്രിക്കിനെ ക്ലബ് പ്രസിഡന്റ് പെരസ് റയലിലേക്ക് സ്വാഗതം ചെയ്തത്. പതിനാറാം നമ്പര്‍ ജഴ്‌സിയാണ് താരത്തിന് അനുവദിച്ചിരിക്കുന്നത്.

Read Also: ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്‌ ഫൈനലിൽ; എതിരാളി ഡോര്‍ട്ട്മുണ്ട്

2030 വരെയാണ് കരാര്‍ കാലാവധി. താരത്തിനായി ബ്രസീല്‍ ക്ലബ് പാല്‍മിറാസുമായി 2022ല്‍ തന്നെ റയല്‍ ധാരണയിലെത്തിയിരുന്നു. 318 കോടി രൂപയാണ് (35 മില്യണ്‍ യൂറോ) എന്‍ട്രിക്കിന്റെ അടിസ്ഥാന വില. ആഡ് ഓണ്‍ ആയി 25 മില്യണ്‍ യൂറോ എന്നതും കരാറിലുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസന്റേഷന്‍ ചടങ്ങില്‍ എന്‍ട്രിക്ക് വികാരനിര്‍ഭരമായാണ് റയലിലേക്കുള്ള പ്രവേശനം വിവരിച്ചത്. ”ഞാന്‍ വളരെ സന്തോഷത്തിലാണ്. കുട്ടിക്കാലം മുതല്‍ മഡ്രിഡ് ആരാധകനായിരുന്നു, ഇപ്പോള്‍ ഞാന്‍ മഡ്രിഡിനായി കളിക്കാന്‍ പോകുന്നു. വിവരിക്കാന്‍ വാക്കുകളില്ല. ഇവിടെ എത്തണമെന്നാണ് മോഹിച്ചത്. മഡ്രിഡിനായി കളിക്കുന്നത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതൊരു സ്വപ്നമായിരുന്നു. ആ സ്വപ്നം ഇന്ന് യാഥാര്‍ഥ്യമായി” -ആരാധാകരോടും ക്ലബ് അധികൃതരോടുമായി താരം പറഞ്ഞു. പാല്‍മിറാസ് താരമായ എന്‍ഡ്രിക് കഴിഞ്ഞ വര്‍ഷം ബ്രസീല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. പതിവ് ബ്രസീലിയന്‍ ശൈലിയില്‍ ചടുലമായി കളിക്കുന്ന താരം 10 മത്സരങ്ങളില്‍നിന്നായി മൂന്നു ഗോളുകള്‍ നേടിയിരുന്നു. മാത്രമല്ല പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡും എന്‍ട്രിക്ക് സ്വന്തം പേരിലാക്കിയിരുന്നു. പാല്‍മിറാസിനായി 81 മത്സരങ്ങളില്‍നിന്ന് 21 ഗോളുകള്‍ നേടിയ താരത്തെ റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഏത് വിധേന പരീക്ഷിക്കുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിവേഗ താരമായ കിലിയന്‍ എംബാപ്പെ നയിക്കുന്ന റയലിന്റെ മുന്‍നിര കൂടുതല്‍ മൂര്‍ച്ചയുള്ളതാകുമെന്ന അഭിപ്രായമാണ് ആരാധകരില്‍ ചിലര്‍ പങ്കുവെക്കുന്നത്.

Story Highlights : Real Madrid signed contract with Brazilian star Endrik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here