കുഞ്ഞുങ്ങളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ ശക്തിപ്പെടുത്തും; ഹൃദ്യം പദ്ധതി വ്യാപിപ്പിക്കുമെന്ന് വീണാ ജോര്‍ജ്

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. (Free Heart Surgery For Babies Hridyam Project)
കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജയകുമാര്‍, എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. രാജേഷ്, ഹൃദ്യം നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.
കുടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഈ വിദഗ്ധ സമിതി പരിശോധിക്കും. ഗര്‍ഭസ്ഥ അവസ്ഥയില്‍ തന്നെ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ഫീറ്റല്‍ സര്‍ജറി ഉള്‍പ്പെടെ നടത്തുന്നതിനുമുള്ള സാധ്യതകളും സമിതി പരിശോധിക്കും.
Story Highlights: Free Heart Surgery For Babies Hridyam Project