Advertisement

‘ഞാൻ ഹജ്ജിന് മാറ്റിവച്ച പണം പോലും ചെലവാക്കേണ്ടി വന്നില്ല, അതെന്റെ ഉമ്മാന്റെ ഹജ്ജിന് ഉപയോഗിക്കും’ : ഷിഹാബ് ചോറ്റൂർ

June 11, 2023
Google News 2 minutes Read
shihab chottur reached mecca

370 ദിവസം നീണ്ട കാൽനട യാത്ര… താണ്ടിയത് 8,640 കിലോമീറ്റർ… ഷിഹാബ് ചോറ്റൂർ ഒടുവിൽ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആറ് രാജ്യങ്ങൾ പിന്നിട്ട് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ഷിഹാബ് കാൽനടയായി സൗദി അറേബ്യയിലെ മക്കയിലെത്തി. ( shihab chottur reached mecca )

ഹജ്ജ് താർത്ഥാടനത്തിന് വിമാനത്തെ ആശ്രയിക്കാതെ കാൽനടയായി പോകാനുള്ള തീരുമാനം ഷിഹാബിന്റെ മനസിൽ പണ്ട് മുതലേ ഉണ്ടായിരുന്നു. ആദ്യം ഈ തീരുമാനം കേട്ട പലർക്കും അമ്പരപ്പും കൗതുകവുമായിരുന്നു. എങ്ങനെ കാൽനടയായി ആറ് രാജ്യങ്ങൾ താണ്ടുമെന്നെല്ലാമുള്ള ചോദ്യം പലരുടേയും മനസിൽ ഉയർന്നു. ഈ സംശയങ്ങൾക്കുള്ള ഉത്തരമായിരുന്നു ഷിഹാബ് ചോറ്റൂരിന്റെ സാഹസിക തീർത്ഥയാത്ര. 2022 ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ഷിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്. ഒരു വർഷവും ഒരാഴ്ചയുമെടുത്താണ് ഷിഹാബ് ചോറ്റൂർ സൗദിയിലെത്തിയത്.

പലതവണ ഉംറ ചെയ്യാനും മദീനയിൽ പോകാനുമെല്ലാം അവസരം ലഭിച്ചിരുന്നു. എന്നാൽ നടന്ന് തന്നെ ഹജ്ജിന് വരണം എന്നത് പണ്ട് മുതലേയുള്ള ആഗ്രഹമായിരുന്നുവെന്ന് ഷിഹാബ് ചോറ്റൂർ ട്വന്റിഫോറിനോട് പറഞ്ഞു. ‘സർവശക്തനായ അല്ലാഹുവിനാണ് എല്ലാ സ്തുതിയും. ഇവിടെ എത്തിയപ്പോഴാണ് കുടുംബത്തിനും സുഹൃത്തുക്കൾക്കും സമാധാനമായത്. സൗദിയിൽ എത്തിയിട്ട് ഇപ്പോൾ മൂന്ന് ദിവസമായി. ഉംറ ചെയ്തു. ഇനി ഹജ്ജിലേക്കുള്ള ഒരുക്കത്തിലാണ്’- ഷിഹാബ് ചോറ്റൂർ പറഞ്ഞു.

ഹജ്ജ് തീർത്ഥാടനയാത്രയ്ക്കിടെ നിരവധി വെല്ലുവിളികളാണ് ഷിഹാബ് ചോറ്റൂരിന് നേരിടേണ്ടി വന്നത്. അതിലൊന്ന് പാകിസ്താൻ വീസ നിഷേധിച്ചതായിരുന്നു. മക്കയിലേക്കുള്ള ഷിഹാബിന്റെ യാത്ര പാകിസ്താൻ, ഇറാൻ എന്നീ പ്രശ്‌നബാധിത രാജ്യങ്ങൾ കൂടി കടന്നുവേണമായിരുന്നു. ആദ്യ ഘട്ടത്തിൽ പാകിസ്താനിലേക്ക് കടക്കാൻ ഷിഹാബിന് ആയില്ല. പിന്നീട് അമൃത്സറിൽ തങ്ങി വീസയ്ക്കായുള്ള കാത്തിരിപ്പിനൊടുവിലാണ് ഷിഹാബിന് പാകിസ്താനിലേക്ക് പ്രവേശിക്കാനായത്. വീസ പ്രശ്‌നത്തിന് പിന്നാലെ പലരും ഷിഹാബിനെ നിരുത്സാഹപ്പെടുത്തുക കൂടി ചെയ്തിരുന്നു. എന്നാൽ അവിടെയെല്ലാം തന്നെ പിന്തുണച്ചത് തന്റെ വിശ്വാസവും ആത്മധൈര്യവുമാണെന്ന് ഷിഹാബ് ചോറ്റൂർ പറഞ്ഞു.

ഷിഹാബിന് ഹജ്ജിനായി മാറ്റിവച്ച പണം പോലും ചെലവാക്കേണ്ടി വന്നില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ‘ ആ മണ്ണിനെ ബഹുമാനിച്ചുകൊണ്ടുള്ള സ്‌നേഹമാണ് എനിക്ക് ഭക്ഷണത്തിന്റെയും താമസ സ്ഥലത്തിന്റേയും രൂപത്തിൽ ലഭിച്ചത്. അതുകൊണ്ട് ഞാൻ ഹജ്ജിന് മാറ്റിവച്ച പണം പോലും ചെലവാക്കേണ്ടി വന്നില്ല, അതെന്റെ ഉമ്മാന്റെ ഹജ്ജിന് ഉപയോഗിക്കും’ – ഷിഹാബ് പറഞ്ഞു. ഹജ്ജ് കർമത്തിന് ശേഷം സൗദിയിലെ മറ്റ് പുണ്യസ്ഥലങ്ങൾ കൂടി സന്ദർശിച്ച ശേഷം സൗദിയിൽ നിന്ന് ഷിഹാബ് മടങ്ങുക വിമാനം വഴി തന്നെയാകും.

മലപ്പുറം വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നയാളാണ് ചേലമ്പാടൻ ഷിഹാബ് ചോറ്റൂർ എന്ന 29 വയസുകാരൻ. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി സൈനബ ദമ്പതികളുടെ മകൻ. പ്രവാസിയായിരുന്ന ഷിഹാബ് ആറ് വർഷമായി നാട്ടിലാണ്. ഭാര്യ ശബ്നയും മകൾ മുഹ്‌മിന സൈനബും നാട്ടിലുണ്ട്.

Story Highlights: shihab chottur reached mecca

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here