പിണറായി സർക്കാർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ, പ്രതിപക്ഷത്തിനെതിരെ കള്ളക്കേസെടുക്കുന്നു; രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാക്കന്മാർക്കെതിരെ കള്ളക്കേസെടുത്ത് അവരെ അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുങ്ങുന്ന കപ്പലാണ് ഈ ഗവൺമെന്റ്. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള പെടാപ്പാടിലാണ് ഇടതുമുന്നണി. അഴിമതികൾ പുറത്തു കൊണ്ടുവന്നതിലുള്ള പ്രയാസമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പരിഹസിച്ചു. ( Ramesh Chennithala criticizes Pinarayi Vijayan ).
താൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ തന്റെ പേരിൽ 5 വിജിലൻസ് കേസുകളാണ് ഉണ്ടായിരുന്നത്. ഏഴുവർഷം കഴിഞ്ഞിട്ടും ഒന്നിലും എഫ്ഐആർ ഇടാൻ കഴിഞ്ഞിട്ടില്ല. ഓരോ അഴിമതി ആരോപണം ഉന്നയിക്കുമ്പോഴും ഓരോ കേസുകൾ ഉണ്ടാവും. പ്രതിപക്ഷ നേതാക്കന്മാരുടെ വായടപ്പിക്കാനുള്ള വിഫലമായ ശ്രമം മാത്രമാണിത്.
കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസിൽ കുടുക്കിയാൽ ഗവൺമെൻറ് രക്ഷപ്പെട്ടു കളയും എന്നത് തെറ്റിധാരണ മാത്രമാണ്. മുഖ്യമന്ത്രിയെയും ഈ സർക്കാരിനെയും ആരും വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ല. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതും സർക്കാരിന്റെ ഭയം മൂലമാണ്.
എതിർക്കുന്നവരെ അടിച്ചൊതുക്കുന്ന നയമാണ് സർക്കാർ കൈക്കൊള്ളുന്നത്. എം.വി ഗോവിന്ദന് എന്തുപറ്റിയെന്ന് മനസ്സിലാവുന്നില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹത്തെ കാണുന്നത്. എന്നാൽ മാധ്യമങ്ങളിൽ അദ്ദേഹം പറയുന്നത് ആഭ്യന്തര മന്ത്രിയെ പോലെയാണ്. എ കെ ജി സെൻ്ററിൽ നിന്നാണോ പൊലീസ് ഭരണം നടത്തുന്നത്. നരേന്ദ്രമോദിയുടെ അതേ പാതയിലൂടെയാണ് പിണറായി മുന്നോട്ടുപോകുന്നതെന്നും കേരളത്തിലെ ബിജെപി സിപിഐഎമ്മിന്റെ ബി ടീം ആണെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: Ramesh Chennithala criticizes Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here