Advertisement

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘മധുര മനോഹര മോഹം’

June 16, 2023
Google News 1 minute Read
Madhura Manohara Moham movie review

ചില സിനിമകൾ മനസിൽ കയറി ഇരിപ്പിടമുറപ്പിക്കുന്നത് ആ സിനിമ നമ്മളിലൊന്നായി മാറി നമുക്കിടയിൽ നിന്ന് സംസാരിക്കുമ്പോളാണ്. മധുര മനോഹര മോഹമെന്ന സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കുന്നത് ആ സിനിമ നമ്മുടെ ചുറ്റുവട്ടത്തിൽ നടക്കുന്ന സിനിമയാണെന്നുള്ള തോന്നലുണ്ടാക്കി തന്നെയാണ്. നിഷ്കളങ്കമായ കുടുംബ കഥ പറയുന്ന മധുര മനോഹര മോഹം സമൂഹത്തിലെ അന്ധമായ വികലമായ കാഴ്ചപ്പാടുകളെയും വിശ്വാസങ്ങളെയും വിമർശന വിധേയമാക്കി കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. പത്തനംതിട്ടയിലെ ഒരു വലിയ നായർ തറവാടിന്റെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത് . ഈ വീട്ടിൽ നടക്കുന്ന ഒരു കല്യാണവും കല്യാണത്തിലെ പ്രശ്നങ്ങളും അതിലുള്ള നർമവും സിനിമയെ കുടുകുടെ ചിരിപ്പിക്കുന്ന സിനിമയാക്കി മാറ്റുന്നു. നവാഗതയായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം.

പ്രണയവും കല്യാണവും കുടുംബ ജീവിതവും സമൂഹവും പ്രാധാന്യം കുറയാതെ ഇടം പിടിക്കുന്ന സിനിമ പലയാവർത്തി കാണാൻ ആഗ്രഹം പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്. ഒരാളുടെ ജീവിതം അയാളുടെ പുറമെയുള്ള പ്രവർത്തികളിൽ മാത്രം വായിച്ചെടുക്കാനാകുന്നതല്ല എന്നത് ഉറപ്പിച്ച് പറയുന്ന സിനിമ. സരസമായ കഥ പറച്ചിലൂടെ ശക്തമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു.

ഷറഫുദ്ധീൻ അവതരിപ്പിക്കുന്ന മനു മോഹൻ എന്ന കഥാപാത്രത്തിന്റെ രണ്ട് സഹോദരിമാരും അമ്മയുമടങ്ങുന്ന കുടുംബവും അവരുടെ ആശയപരമായ വ്യത്യാസങ്ങളും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും സിനിമയെ മികച്ച് സിനിമയാക്കി മാറ്റുന്നു. ആദ്യാവസാനം ചിരി നിറയ്ക്കുന്ന സിനിമയെ ചിരിയിലൂടെ കാര്യമവതരിപ്പിക്കുന്ന സിനിമയെന്ന് ഉറപ്പായും വിളിക്കാം. ഷറഫുദീന്റെ സഹോദരിയായെത്തുന്ന രജീഷ വിജയൻ തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരം കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ബിന്ദു പണിക്കർ അവതരിപ്പിച്ച’അമ്മ കഥാപാത്രം പുതിയ കാലത്തിൽ ജീവിക്കുന്ന ചിന്തകളിൽ മാറ്റങ്ങളില്ലാത്ത തനി നാടൻ അമ്മ കഥാപാത്രം തന്നെയാണ് . ഷറഫുദീന്റെ മനുവെന്ന കഥാപാത്രത്തിന്റെ കാമുകിയായെത്തുന്ന ആർഷയുടെ ശലഭ മികച്ച ചിരിയാനുഭവം കൂടി നൽകുന്നുണ്ട് സിനിമയിൽ. ബിജു സോപാനം അവതരിപ്പിച്ച ജോസ് , വിജയരാഘവന്റെ കരയോ​ഗം പ്രസിഡന്റ്, അൽത്താഫ് സലിമിന്റെ കൂട്ടുകാരൻ വേഷം സിനിമയിൽ കൃത്യമായ ഇടം അടയാളപ്പെടുത്തി തന്നെയാണ് പ്രേക്ഷക ഹൃദയത്തിൽ കസേര വലിച്ചിടുന്നത്. സിനിമയുടെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സൈജു കുറുപ്പിന്റെ ജീവൻ രാജ് മറക്കാനാകാത്ത കഥാപാത്രമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്നു.

Read Also: സുകുമാരൻ ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്തിയാറ് വർഷങ്ങൾ; ഓർമ്മകളിൽ മല്ലിക

ചിരിയും ചിന്തയും കൃത്യമായി സമ്മാനിക്കുന്ന സിനിമ നിറഞ്ഞ കൈയടിയോടെയാണ് ആദ്യം ദിനം തിയേറ്ററിൽ ആവേശമാകുന്നത്. ഇനിയുള്ള ദിനങ്ങളിൽ പ്രേക്ഷക പിന്തുണയേറി സിനിമ മുന്നേറുമെന്ന് ഉറപ്പാക്കുകയാണ് .മഹേഷ് ​ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകരെ മടുപ്പിക്കാതെ പിടിച്ചിരുത്തുന്നതാണ് . വസ്ത്രാലങ്കാരത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായികയുടെ കുപ്പായമണിയുന്ന സിനിമ കൂടിയാണിത് . തുടക്കകാരിയുടെ പ്രശ്നങ്ങളില്ലാതെ കഥ പറഞ്ഞ സവിധായിക സ്റ്റെഫിയുടെ കരിയറിലെ പൊൻതൂവൽ തന്നെയാണ്.

മനസ് തുറന്ന് തിയേറ്ററിലെത്തിക്കോളൂ.. നിങ്ങളെ മടുപ്പിക്കാത്ത സിനിമ കണ്ട് മടങ്ങാം എന്ന് ഉറപ്പിക്കുകയാണ് മധുരം മനോഹര മോഹം.

Story Highlights: Madhura Manohara Moham movie review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here