Advertisement

‘ഫ്ലഷ്’ ലക്ഷദ്വീപിൽ നടക്കുന്നത് പച്ചയ്ക്ക് കാണിക്കുന്നു, സിനിമ ജനം കണ്ടിട്ട് ഞങ്ങളുടെ നാടിന് ഉപകാരപ്പെടണം; ഐഷ സുൽത്താന

June 17, 2023
Google News 2 minutes Read

ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ഐഷ സുൽത്താന സംവിധാനം ചെയ്‌ത ‘ഫ്ലഷ്’ എന്ന ചിത്രം റിലീസ് ചെയ്തത്. ലക്ഷദ്വീപിന്റെ കഥ പറയുന്ന ചിത്രം ബീന കാസിമാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളതുകൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുൽത്താനാ ആരോപിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മറുപടിയുമായി എത്തിയിരിക്കുകയാണ് ഐഷ സുൽത്താന.

തടസങ്ങൾ നിരവധി, ഒടുവിൽ റിലീസ്

ഏകദേശം രണ്ട് വർഷത്തോളം ഒരുപാട് തടസങ്ങൾ നേരിട്ടാണ് ഫ്ലഷിന്റെ റിലീസ് വന്നത്. റിലീസിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായി. ഞാനും ചിത്രത്തിന്റെ നിർമ്മാതാവും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായതിന് ശേഷമാണ് റിലീസിലേക്കെത്തിയത്. വളരെ പെട്ടന്നാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നത്. അത് എന്നെ സംബന്ധിച്ചും സിനിമയെ സംബന്ധിച്ചും വലിയ തിരിച്ചടിയായിരുന്നു. കാരണം സിനിമയുടെ മാർക്കറ്റിംഗിന് വേണ്ടി ഒന്നും ചെയ്യാനുള്ള സാവകാശം ലഭിച്ചില്ല, എന്നോട് ചോദിക്കാതെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സൂപ്പർ സ്റ്റാറുകളെ വച്ച് ചെയ്ത പടമല്ല, ലക്ഷദ്വീപിലെ പുതുമുഖങ്ങളെ വച്ച് ചെയ്ത ചെറിയ സിനിമയാണ്, ലക്ഷദ്വീപിലെ ഡയറക്ടർ ചെയ്യുന്ന ആദ്യത്ത ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങൾ സിനിമയ്ക്ക് മാർക്കറ്റിംഗ് ആയെന്ന് പറയാൻ കഴിയില്ല. പ്രൊഡ്യൂസർ വളരെ പെട്ടന്ന് റിലീസ് തീയതി പ്രഖ്യാപിച്ചതുകൊണ്ട് തന്നെ എന്റെ സിനിമയെ കുറിച്ച് എനിക്ക് ജനങ്ങളെ അറിയിക്കാൻ കഴിഞ്ഞില്ല.

എന്തുകൊണ്ട് ഫ്ലഷ് എന്ന ചിത്രം കാണണം?

‘ഫ്ലഷ്’ ഒരു കോമേഷ്യൽ ചിത്രമല്ല, ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങൾ പച്ചക്ക് കാണിച്ചിരിക്കുകയാണ്. ഞങ്ങളുടെ നാടിന്റെ പ്രശ്നങ്ങൾ, ജനങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.
അവിടെ നടക്കുന്ന കാര്യങ്ങൾ പുറത്തേക്ക് അറിയുന്നില്ല. എന്റെ കലയിലൂടെ
ആ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുകൊണ്ടുവരികയാണ് ഉദ്ദേശം. ഫ്ലഷ് എല്ലാവരും കണ്ടിരിക്കേണ്ടചിത്രമാണ് കാലങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ ലോകം അറിയണം.

ആർട്ടും മിത്തും കൂടി ചേർന്നതാണ് ‘ഫ്ലഷ്’. ഈ സിനിമ ജനം കണ്ടിട്ട് അത് ഞങ്ങളുടെ നാടിന് ഉപകാരപ്പെടണം, നാടിന് വേണ്ടി ചെയ്യുന്ന സിനിമയായതുകൊണ്ട് ഞാൻ
പണം വാങ്ങിയിട്ടില്ല. എന്നെ സംബന്ധിച്ച് ഈ ചിത്രം കേരളത്തിനും അതിനുപുറത്തുമുള്ള ആളുകളിലേക്ക് എത്തണം, അതാണ് എന്റെ ലക്ഷ്യം.

ചിത്രത്തിന് കേരളത്തിൽ വിതരണക്കാരുണ്ടോ?

കേരളത്തിൽ വിതരണക്കാരുണ്ടോയെന്ന് എനിക്ക് അറിയില്ല, എല്ലാ കാര്യങ്ങളും തീരുമാനിച്ചത് നിർമ്മാതാവാണ്. ഞാനുമായി യാതൊരു കാര്യവും ചർച്ച ചെയ്തിട്ടില്ല. റിലീസ് തിയതി പോലും എന്നോടും ചോദിച്ചിട്ടല്ല തീരുമാനിച്ചത്. ആരാണ് വിതരണക്കാരെന്ന് എന്നോട് പറഞ്ഞിട്ടില്ല. ഒരു മാർക്കറ്റിംഗും ഇല്ലാതെ പെട്ടന്ന് റിലീസ് ചെയ്‍തത് ആരും ചിത്രം കാണരുതെന്ന് വിചാരിച്ചിട്ടാണ്. എന്നാൽ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് എന്റെ ലക്ഷ്യം, എങ്കിൽ മാത്രമേ ഞാൻ ചെയ്ത ജോലിക്ക് നേരുള്ളൂ.

ഫ്ലഷ് ആദ്യ സംവിധാനം, മുന്നോട്ടുള്ള പ്രതീക്ഷകൾ

ഇനിയും നല്ല ചിത്രങ്ങൾ ചെയ്യണം. ഒരുപാട് കാര്യങ്ങൾ പുറംലോകത്തേക്ക് കൊണ്ടുവരാനുണ്ട്, അത് എന്റെ കലയിലൂടെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. ഞാൻ ചെയ്യുന്ന സിനിമകളിൽ ഓരോരോ കാര്യങ്ങളും കാരണങ്ങളും ഉണ്ടാകും. ഇനി ഒരു കോമേഷ്യൽ ചിത്രമായിരിക്കും ഞാൻ ചെയ്യുന്നത്, അതിലും എനിക്ക് പറയാനുള്ളത് ഞാൻ പറയും, അങ്ങനെ എനിക്ക് പറയാനുള്ളതെല്ലാം എന്റെ കലയിലൂടെ അല്ലെങ്കിൽ സിനിമകളിലൂടെ ഞാൻ പറയും.

Story Highlights: Aisha sultana about flush movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here