Advertisement

‘നോട്ടീസയച്ചിരുന്നെങ്കിൽ നേരിട്ട് ഹാജരാകുമായിരുന്നല്ലോ’; പിന്നിൽ അട്ടപ്പാടി കോളജ് പ്രിൻസിപ്പലിൻ്റെ ഗൂഢാലോചനയെന്ന് കെ വിദ്യ

June 23, 2023
Google News 2 minutes Read
k vidya police questioning

വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ പതറാതെ കെ വിദ്യ. വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞ് പഠിപ്പിച്ച പോലെയുളള പ്രതികരണമാണെന്ന് പൊലീസ് സംശയിക്കുകയാണ്. ബയോഡാറ്റയിലെ ‘മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവര്‍ത്തിച്ചു. (k vidya police questioning)

അട്ടപ്പാടി കോളജിലെ മുഖാമുഖത്തിൽ മഹാരാജാസ് കോളജിന്റെ പേരിൽ താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനൽകി. ഇത് തന്റെ തലയിലാക്കി ഫയലിൽ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാൻ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ അധ്യാപകരിൽ ചിലരുടെ പ്രേരണയിൽ അട്ടപ്പാടി പ്രിൻസിപ്പൽ താൻ വ്യാജ രേഖ സമർപ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ പറഞ്ഞു.

Read Also: https://www.twentyfournews.com/2023/06/23/fake-certificate-k-vidya-update.html

അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താൻ വ്യാജരേഖ സമർപ്പിച്ചു എന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. മഹാരാജാസിന്റെ പേരിലുള്ള അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് താൻ കരിന്തളത്ത് സമർപ്പിച്ചിട്ടില്ല. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാൽ ആണ് ഫോണുകൾ ബോധപൂർവ്വം നിശ്ചലമാക്കിയത്. സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവർത്തകർ നൽകിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകർന്നുപോയ സാഹചര്യത്തിൽ നിലനിർത്തിയത്. നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ താൻ നേരിട്ട് നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമായിരുന്നുവെന്നും വിദ്യ മൊഴി നൽകി.

വിദ്യയുമായി ഇന്ന് തെളിവെടുപ്പ് നടത്താനാണ് പൊലീസിൻ്റെ നീക്കം. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൾ ഇന്ന് അഗളി പൊലീസ് മുൻപാകെ മൊഴി നൽകാൻ എത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൾ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൾ തെളിവെടുപ്പിന് ഹാജരാവുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി എന്ന നിലയിൽ റിമാൻഡിൽ വിടുകയും ചെയ്യും.

കെ.വിദ്യ ഒളിവിൽ കഴിഞ്ഞ വീട് പൂട്ടിയ നിലയിലാണ്. മുൻ എസ്എഫ്‌ഐ നേതാവ് റോവിത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവിൽ കഴിഞ്ഞത്. കാലിക്കറ്റ് സർവകലാശാല മുൻ എസ്എഫ്‌ഐ പ്രവർത്തകനാണ് റോവിത്ത്.

വില്യാപ്പള്ളി പഞ്ചായത്ത് 13 ആം വാർഡിലെ വീടാണ് പൂട്ടിയിട്ടിരിക്കുന്നത്. വിദ്യയ്ക്ക് ഒളിത്താവളം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മാർച്ച് നടത്തിയിരുന്നു.

Story Highlights: k vidya police questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here