Advertisement

‘ടൈറ്റൻ ദുരന്തം നേരത്തെ മണത്തിരുന്നു’; ‘ടൈറ്റാനിക്ക്’ സംവിധായകൻ ജെയിംസ് കാമറൂൺ

June 23, 2023
Google News 3 minutes Read
'Titanic' director James Cameron says he knew sub imploded

കടലാഴങ്ങളിലേക്ക് പതിച്ച ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ‘ടൈറ്റൻ’ അന്തർവാഹിനി തകർന്ന് അഞ്ച് പേർ മരിച്ച ദാരുണ സംഭവത്തിൽ പ്രതികരണവുമായി ‘ടൈറ്റാനിക്’ സംവിധായകൻ ജെയിംസ് കാമറൂൺ. ഉപരിതല സപ്പോർട്ട് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടയുടൻ തനിക്ക് ദുരന്തം മണത്തതായി ജെയിംസ് കാമറൂൺ പറഞ്ഞു. (‘Titanic’ director James Cameron says he knew sub imploded )

ഞായറാഴ്ച അപകടം നടക്കുന്ന സമയത്ത് താനൊരു കപ്പലിലായിരുന്നു. വിനാശകരമായ എന്തെങ്കിലും സംഭവിക്കാതെ ജലപേടകത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാകില്ലെന്ന് സംഭവം അറിഞ്ഞയുടന്‍ താന്‍ പറഞ്ഞുവെന്നും തന്റെ ചിന്തയില്‍ ആദ്യം വന്നത് ഉള്‍വലിഞ്ഞ് പൊട്ടിയതായിരിക്കാം എന്നാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ടൈറ്റന്റെ അപകടം ടൈറ്റാനിക് ദുരന്തം പോലെ തന്നെയാണ് എന്നാണ് കാമറൂണ്‍ പറയുന്നത്.

“ടൈറ്റൻ അപ്രത്യക്ഷമായി ഒരു മണിക്കൂറിനുള്ളിൽ, കടലിനടിയിൽ നിന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായതായി ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു. ഹൈഡ്രോഫോണിൽ ഒരു വലിയ സ്‌ഫോടനം, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാമായിരുന്നു. സബ്ബ് പൊട്ടിത്തെറിച്ചു” – കാമറൂൺ പറഞ്ഞു. സബ്‌മെർസിബിൾ നിർമ്മിക്കുന്നതിലെ പ്രശ്‌നങ്ങളും ജെയിംസ് കാമറൂൺ ചൂണ്ടിക്കാട്ടി. സംയോജിത കാർബൺ ഫൈബറും ടൈറ്റാനിയം ഹളും ഉപയോഗിച്ചാണ് ഓഷ്യൻഗേറ്റ് സബ്‌മെർസിബിൾ നിർമ്മിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഇക്കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ജെയിംസ് കാമറൂൺ പറഞ്ഞു.

“ഇതൊരു മണ്ടൻ ആശയമാണെന്ന് എനിക്ക് തോന്നിയിരുന്നു. ഇത് ഞാൻ നേരത്തെ പറയേണ്ടതായിരുന്നു. എനിക്ക് ആ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ അറിയില്ല, അവർ എന്നെക്കാൾ മിടുക്കരാണെന്ന് ഞാൻ കരുതി” – അദ്ദേഹം കൂട്ടിച്ചേർത്തു. അന്തര്‍വാഹിനിയെ കുറിച്ച് ഓഷ്യൻ ​ഗേറ്റിന് നിരവധിപേര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് അദ്ദേഹം പറയുന്നത്. യാത്രക്കാരെ കൊണ്ടുപോകുന്നത് അപകടമാണെന്ന് ഓഷ്യൻ ​ഗേറ്റിന് കത്തെഴുതിയിരുന്നെന്നാണ് കാമറൂണ്‍ പറഞ്ഞത്.

ഒരു നൂറ്റാണ്ടു മുന്‍പ് കടലില്‍ മുങ്ങിയ ടൈറ്റാനിക്കിനെക്കുറിച്ച് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഈ ചിത്രത്തിനു വേണ്ടി അദ്ദേഹം നിരവധി തവണയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം കിടക്കുന്ന അടിത്തട്ട് സന്ദര്‍ശിച്ചിട്ടുള്ളത്. 1912 ല്‍ നടന്ന ടൈറ്റാനിക് അപകടത്തില്‍ 1500 ഓളം പേരാണ് മരിച്ചത്.

Story Highlights: ‘Titanic’ director James Cameron says he knew sub imploded 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here