Advertisement

ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പുറത്തുവന്നില്ല; ടൈറ്റൻ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ

June 23, 2023
Google News 3 minutes Read
Titanic sub destroyed in 'catastrophic implosion' all five aboard dead

ടൈറ്റാനിക്കിൻറെ അവശിഷ്‌ടങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെ ജൂൺ 18നാണ് ടൈറ്റൻ അന്തർവാഹിനി കപ്പൽ അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചുള്ള ലോകത്തിന്റെ കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ടാണ് ആ സങ്കട വാർത്ത മണിക്കൂറുകൾ‌ക്ക് മുമ്പ് പുറത്തുവന്നത്. അന്തർവാഹിനി കപ്പൽ ടൈറ്റൻ (Titan) അകത്തേക്ക് പൊട്ടിത്തെറിച്ച് 5 പേരും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ( Titanic sub destroyed in ‘catastrophic implosion,’ all five aboard dead ).

ടൈറ്റാനിക്കിലൂടെയും ടൈറ്റനിലൂടെയും പ്രതിഫലിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്. സാങ്കേതികവിദ്യ പ്രതിക്ഷിച്ചതിനുമപ്പുറം വികസിച്ച ഇക്കാലത്തും കടലിന്റെ നി​ഗൂഢതയെപ്പറ്റി നാം അജ്ഞരാണ്. യുകെ, ഫ്രഞ്ച്, കാനഡ ഗവൺമെൻറുകളുടെ സഹായത്തോടെയുള്ള സുസജ്ജമായ യുഎസ് നാവികസേന തല കുത്തി നിന്നിട്ടും അവസാന നിമിഷം വരെയും ടൈറ്റനെ കണ്ടെത്താനായിരുന്നില്ല. ഏറ്റവുമൊടുവിൽ ടൈറ്റൻ പൊട്ടിത്തെറിച്ച് 5 പേരും മരണത്തിന് കീഴടങ്ങിയെന്ന വാർത്ത നമുക്ക് സങ്കടത്തോടെ കേൽക്കേണ്ടി വന്നു.

മനുഷ്യരുടെ സമുദ്രത്തിൻറെ മേലുള്ള ആധിപത്യത്തിൻറെ പരിമിതികളിലേക്കാണ് ഈ ദാരുണ സംഭവം വിരൾ ചൂണ്ടുന്നത്. ടൈറ്റനെ കണ്ടെത്തി അഞ്ച് പേരെയും രക്ഷപ്പെടുത്താൻ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു അധികൃതർ. 96 മണിക്കൂർ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഓക്‌സിജനാണ് ടൈറ്റണിൽ സജ്ജീകരിച്ചിരുന്നത്. ‘വിനാശകാരമായ സ്‌ഫോടനം സംഭവിച്ചിരിക്കുന്നു’ എന്നായിരുന്നു അന്തർവാഹിനിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ യുഎസ് കോസ്റ്റ് ഗാർഡ് റിയർ അഡ്മിറൽ ജോൺ മൗഗർ അറിയിച്ചത്.

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലായിരുന്നു ടൈറ്റൻ.

ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. 6.7 മീറ്റർ നീളമുള്ള പേടകം നിർമ്മിച്ചത് ടൈറ്റാനിയവും കാർബൺ ഫൈബറും ഉപയോ​ഗിച്ചായിരുന്നു. പൈലറ്റിന് പുറമെ നാല് യാത്രക്കാർക്കുകൂടിയാണ് ഇതിൽ സഞ്ചരിക്കാൻ കഴിയുക. പോളാർ പ്രിൻസ് എന്ന കപ്പലാണ് ടൈറ്റനെ നിയന്ത്രിച്ചിരുന്നത്.

എട്ടുദിവസത്തെ ടൈറ്റാനിക് പര്യടനത്തിന് ഒരാളിൽനിന്ന് രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) ഓഷൻഗേറ്റ് ഈടാക്കിയിരുന്നത്. സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികൾ പോയത്. സാഹസികതയെ ഇഷ്ടപ്പെട്ടിരുന്ന ആ അഞ്ച് യാത്രികരും ലോകത്തിൽ നിന്ന് വിടവാങ്ങിയിരിക്കുന്നു. അവസാന നിമിഷങ്ങളിൽ ജീവൻ അവസാനിക്കാൻ പോവുകയാണ് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടായിരിക്കും ആ അഞ്ചു പേരും മുങ്ങിക്കപ്പലിൽ കഴിഞ്ഞു കൂട്ടിയിട്ടുണ്ടാവുക.

Story Highlights: Titanic sub destroyed in ‘catastrophic implosion,’ all five aboard dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here