Advertisement

ടൈറ്റന്‍ പൈലറ്റിന്റെ ഭാര്യ ടൈറ്റാനിക്ക് ദുരന്തത്തില്‍ മരിച്ച ദമ്പതിമാരുടെ കൊച്ചുമകൾ

June 23, 2023
Google News 2 minutes Read

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരിച്ചു കഴിഞ്ഞു. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു.ഇതിനിടയിലാണ് ടൈറ്റന്‍റെ പൈലറ്റും യാത്ര സംഘടിപ്പിക്കുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒയുമായ സ്റ്റോക്ടണ്‍ റഷുമായി ടൈറ്റാനിക്കിലെ രണ്ടു യാത്രക്കാർക്കുള്ള ബന്ധം സംബന്ധിച്ച വാർത്ത പുറത്തെത്തുന്നത്.

സമുദ്രാന്തർഭാഗത്ത് കാണാതായ ടൈറ്റൻ അന്തർവാഹിനിയുടെ പൈലറ്റ് സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യ, ടൈറ്റാനിക് ദുരന്തത്തിൽ മുങ്ങി മരിച്ച ദമ്പതികളുടെ കൊച്ചുമകളെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

1912ൽ ടൈറ്റാനിക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സമ്പന്നരായ രണ്ട് ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ പിൻഗാമിയാണ് ഓഷ്യൻഗേറ്റ് സിഇഒ ആയ സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യ വെൻഡി റഷ്. വെൻഡി റഷിന്റെ മുതുമുത്തശ്ശനും മുതുമുത്തശ്ശിയുമാണ് ടൈറ്റാനിക് അപകടത്തിൽ മരിച്ച ദമ്പതികളായ ഇസിഡോറും ഭാര്യ ഐഡ സ്ട്രോസും.

1986ലാണ് വെൻഡി സ്റ്റോക്ക്ടൺ റഷിനെ വിവാഹം കഴിച്ചത്. ഇവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷമായി ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള മൂന്ന് ഓഷ്യൻഗേറ്റ് പര്യവേഷണങ്ങളുടെ ഭാഗമായിരുന്നു വെൻഡിയും. കമ്പനിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എന്നതിന് പുറമേ, ഓഷ്യൻഗേറ്റിന്റെ ചാരിറ്റബിൾ ഫൗണ്ടേഷൻ ബോർഡ് അംഗമായും ഇവർ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും നേടി നടന്ന തെരച്ചിലിന് സങ്കടകരമായ അവസാനമാണ് ഉണ്ടായത്. വർഷങ്ങൾക്ക് മുൻപേ കടലിന്റെ ആഴങ്ങളിൽ ആണ്ടുപോയ കൂറ്റൻ കപ്പൽ ടൈറ്റാനിക് തേടിപ്പോയ സമുദ്രപേടകം ടൈറ്റനും അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ അഗാധതകളിൽ മറഞ്ഞു. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും പുരോഗമിച്ച തെരച്ചിൽ ദൗത്യം ഒടുവിൽ അവശിഷ്ടങ്ങളിൽ തട്ടി അവസാനിച്ചു.

അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Story Highlights: Wife Of Missing Titan Pilot Is Great-Great-Granddaughter Of Couple Who Died On Titanic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here