Advertisement

നിഖിൽ തോമസിനായി പൊലീസ് കോട്ടയത്ത് കാത്ത് കിടന്നത് രണ്ടു മണിക്കൂർ

June 24, 2023
Google News 2 minutes Read
police waited for Nikhil Thomas in Kottayam for two hours

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയെന്ന കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനായി പൊലീസ് കോട്ടയത്ത് കാത്ത് കിടന്നത് രണ്ടു മണിക്കൂർ. രാത്രി പത്തുമണിയോടെയാണ് കായംകുളത്തു നിന്നുള്ള അന്വേഷണസംഘം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയത്. കോഴിക്കോട് നിന്ന് വന്നുപോകുന്ന മുഴുവൻ ബസ്സുകളുടെയും വിവരം ഡിപ്പോയിൽ നിന്ന് ശേഖരിച്ചു.

കോഴിക്കോട് നിന്നുള്ള എസി ലോ ഫ്ലോർ ബസ്സിലാണ് നിഖിലിന്റെ യാത്ര എന്ന സ്ഥിരീകരണം ലഭിച്ചത് രാത്രി 12 മണിക്കാണ്. 12.40ന് ബസ് എത്തിയതോടെ മഫ്തിയിലുള്ള പൊലീസ് സംഘം നിഖിലിനെ ബസ്സിനുള്ളിൽ കയറി പിടികൂടുകയായിരുന്നു. ലോക്കൽ പൊലീസിനെയും ഡിപ്പോ അധികൃതരെയും അറിയിക്കാതെയായിരുന്നു അന്വേഷണസംഘത്തിന്റെ രഹസ്യ നീക്കം.

നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ. നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.

കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്ന നിഖിൽ പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ എംകോമിനു ചേർന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്ഐ നേതാക്കളെ കാണാൻ 18 ന് തിരുവനന്തപുരത്തു പോയപ്പോൾ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേർത്തലയിലെ ഒരു എസ്എഫ്ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.

Story Highlights: police waited for Nikhil Thomas in Kottayam for two hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here