കോട്ടയത്തെ കൊടികുത്തി സമരം: താൽക്കാലികമായി അവസാനിപ്പിച്ച് സിഐടിയു, നാളെ മന്ത്രിയുമായി ചർച്ച

തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസുടമ രാജ്മോഹനെതിരെ സിഐടിയു നടത്തിവന്ന സമരം അവസാനിപ്പിച്ചു. തൊഴിൽ മന്ത്രി ചർച്ചയ്ക്ക് വിളിച്ചതിനെത്തുടർന്നാണ് സമരം താൽക്കാലികമായി നിർത്തുന്നതെന്ന് സിഐടിയു. അതേസമയം സിഐടിയു കൊടി കുത്തി സർവീസ് നിർത്തിച്ച ബസ് പൊലീസ് കസ്റ്റഡിയിൽ എടുക്കും.
ഉടമ രാജ്‌മോഹൻ്റെ പ്രതിഷേധ സമരവും പൊലീസും സിഐടിയു സംഘടനയുമായി നടന്ന ചര്‍ച്ചയോടെ അവസാനിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സമരപ്പന്തല്‍ അഴിച്ചുമാറ്റുകയും ബസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് ഡിസ്ട്രിക്ട് ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ശിവൻകുട്ടി കോഴിക്കോട് പറഞ്ഞു.
നാളെ ഉച്ചയ്ക്ക് ശേഷം യോഗം ചേരും. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി കേരളത്തിലെ സംരംഭകർ അപകടത്തിലാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർക്ക് രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും മന്ത്രി വിമർശിച്ചു. നേരത്തെ സ്വകാര്യ ബസുടമ രാജ്‌മോഹനെ മർദ്ദിച്ച സംഭവത്തിൽ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൊഴില്‍ തര്‍ക്കത്തേത്തുടര്‍ന്നാണ് തിരുവാര്‍പ്പ്-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു കൊടി കുത്തിയത്. രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
Story Highlights: CITU temporarily ends kottayam strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here