“ഇങ്ങനെയൊരു അച്ഛനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു”; മകളെ കാണാൻ കടൽ കടന്ന് ഒരച്ഛൻ!

വിദ്യാഭ്യാസത്തിനും ജോലി തേടിയുമെല്ലാം നമ്മൾ വീട്ടിൽ നിന്ന് മാറിനിൽക്കാറുണ്ട്. ഏറെ വിഷമത്തോടെയാണെങ്കിലും വീടും നാടും വിട്ട് ദൂരെ സ്ഥലങ്ങളിലേക്ക് നമ്മൾ ചേക്കേറും. വർഷങ്ങൾക്ക് ശേഷം വന്ന് മാതാപിതാക്കൾക്കു സർപ്രൈസ് കൊടുക്കുന്ന മക്കളുടെ വിഡിയോ നമ്മൾ കണ്ടിട്ടുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. പക്ഷെ ഇവിടെ ഒരു മകൾക്ക് അച്ഛനാണ് സർപ്രൈസ് നൽകുന്നത്. ഇന്ത്യയിൽ നിന്ന് കടൽ കടന്ന് കാനഡയിലെത്തിയാണ് അച്ഛൻ മകൾക്ക് സർപ്രൈസ് നൽകിയിരിക്കുന്നത്. ( father surprise visit to Canada to meet daughter )
മകളെ കാണാൻ പിതാവ് കാനഡയിലേക്ക് യാത്ര ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. അവരുടെ കൂടിക്കാഴ്ച്ച ആരെയും വികാരഭരിതരാക്കും. ശ്രുത്വ ദേശായി എന്ന പെൺകുട്ടിയാണ് ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വിഡിയോ പങ്കുവെച്ചത്. മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്തത്. മകൾ ജോലി ചെയ്യുന്ന കടയിലേക്ക് അച്ഛൻ പതിയെ കയറുന്നത് വിഡിയോയിൽ കാണാം. അച്ഛനെ പെട്ടെന്ന് കണ്ടപ്പോൾ മകൾ ആകെ ഞെട്ടിപ്പോയി. പൊട്ടിക്കരഞ്ഞ് അവർ പരസ്പരം ആലിഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. ആരുടെയും ഹൃദയം അലിയിക്കുന്നതാണ് വീഡിയോ.
‘ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള സന്ദർശനം കൊണ്ട് പപ്പ എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു! വിലമതിക്കാനാകാത്ത അവിശ്വസനീയമായ നിമിഷമായിരുന്നു അത്. പപ്പ വാതിലിലൂടെ നടന്നു വന്നപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി. എന്നെ കാണാൻ വേണ്ടി മാത്രം അദ്ദേഹം ഇത്രയും ദൂരം യാത്ര ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല! ഇങ്ങനെയൊരു അച്ഛനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു പപ്പാ’ എന്ന അടികുറിപ്പോടെയാണ് ശ്രുതി വിഡിയോ പങ്കുവെച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here