Advertisement

ഇത് പുതിയ മാറ്റത്തിലേക്കുള്ള തുടക്കം; യുഎസിൽ രണ്ട് കമ്പനികൾക്ക് ലാബിൽ വളർത്തിയ ചിക്കൻ വിൽക്കാൻ അനുമതി

June 27, 2023
Google News 3 minutes Read
US Approves Lab-Grown Chicken To Be Sold In Markets

മൃഗങ്ങളെ കൊല്ലാതെ തന്നെ മാംസം കഴിക്കാമോ? പണ്ടുമുതലേ മൃഗങ്ങളെ കൊന്ന് തിന്നുന്നതിന് രണ്ട് അഭിപ്രായമുണ്ട്. അനുകൂലിച്ചും എതിർത്തും ഇന്നും ഇതിനെതിരെ ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ ഇനി മൃഗങ്ങളെ കൊല്ലാതെ തന്നെ മാംസം കഴിക്കാം. ഞെട്ടണ്ട. സംഭവം ഉള്ളതാണ്. അമേരിക്കയിലാണ് രണ്ട് കമ്പനികൾക്ക് ലബോറട്ടറിയിൽ മാംസം വളർത്തുന്നതിനും വിൽക്കുന്നതിനും അനുമതിന് നൽകിയിരിക്കുന്നത്. പക്ഷെ ഇതിന്റെ രുചി എന്തെന്നുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. എങ്കിലും പുതിയൊരു യുഗത്തിലേക്കുള്ള കാൽവെപ്പായാണ് ഇതിനെ കാണുന്നത്. (US Approves Lab-Grown Chicken To Be Sold In Markets)

2023 മാർച്ച് 27-ന് അനിമൽ കിൽ ക്ലോക്കിലെ കണക്ക് പരിശോധിച്ചപ്പോൾ മാംസ ഉൽപാദനത്തിനായി 13.01 ബില്യൺ മൃഗങ്ങളെയാണ് കൊന്നത്. ഇതിലൂടെ മൃഗങ്ങൾ മാത്രമല്ല, നമ്മളും നിരവധി ആഗോള പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കന്നുകാലി ഉൽപാദനത്തിന്റെയും മൃഗങ്ങളെ കൊല്ലുന്നതിന്റെയും പാരിസ്ഥിതിക ആഘാതം ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന വിലയിരുത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം ഉള്ള പരിഹാരമാകുകയാണോ ” ലാബ് ഗ്രോൺ മീറ്റ്/കൾട്ടിവേറ്റഡ് മീറ്റ്”?

ചരിത്രത്തിൽ ആദ്യമായി ലബോറട്ടറിയിൽ വളർത്തുന്ന മാംസം ഉൽപ്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനും അമേരിക്കയിൽ അഗ്രികൾച്ചറൽ റെഗുലേറ്റർസ് അംഗീകാരം നൽകിയിരിക്കുന്നു. ലബോറട്ടറി സെല്ലുകളിൽ നിന്ന് ഉണ്ടാക്കുന്ന കോഴിയിറച്ചി വിൽക്കാൻ രണ്ട് കാലിഫോർണിയ കമ്പനികൾക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ‘പുതിയ യുഗം, ചരിത്രത്തിലേക്കുള്ള പുതിയ കാൽവെപ്പ് എന്ന വിശേഷങ്ങളോടെ ഈ തീരുമാനത്തെ ആളുകൾ കാണുന്നത്. ലാബിൽ മാംസം വളർത്തുന്ന കമ്പനികൾക്ക് ഈ ചരിത്രപരമായ തീരുമാനം ഒരു നാഴികക്കല്ലാണ്. ഫാമിൽ വളർത്തി കശാപ്പുചെയ്യുന്ന കോഴികൾക്ക് ബദൽ മാർഗങ്ങൾ തേടാനും ഇത് ഉപഭോക്താക്കളെ സഹായിക്കും.

കാൾട്ടിവേറ്റഡ് മീറ്റ് നിർമ്മിക്കുന്ന യുഎസ് കമ്പനികളായ അപ്‌സൈഡ് ഫുഡ്‌സ്, ഗുഡ് മീറ്റ് എന്നീ കമ്പനികൾക്കാണ് ലബോറട്ടറിയിൽ വളർത്തുന്ന മാംസം വിൽക്കാൻ അഗ്രികൾച്ചറൽ റെഗുലേറ്റർസ് പച്ചക്കൊടി കാട്ടിയത്. ഈ മാംസത്തെ “സെൽ കൾട്ടിവേറ്റഡ്” എന്നും വിളിക്കാറുണ്ട്. ഈ മാറ്റത്തിലൂടെ ഇനിമുതൽ അത്താഴ ഭക്ഷണത്തിൽ ലബോറട്ടറിയിൽ നിന്ന് നിർമ്മിച്ച മാംസവും എത്തും.

മാംസ ഉൽപാദനത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ട ഈ തീരുമാനം മൃഗങ്ങൾക്ക് ദോഷകരമായ പ്രവൃത്തികൾക്ക് അറുതി വരുത്തുകയും, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യും. വെള്ളവും ഭക്ഷണവും വളർത്താനുള്ള സ്ഥലവും നൽകി അറുക്കാൻ വേണ്ടി മൃഗങ്ങളെ വളർത്തുന്നതിന് പകരം ഇത് നമുക്ക് മറ്റൊരു രീതിയിൽ സാധിച്ചെടുക്കാൻ കഴിയും എന്നാണ് ഗുഡ് മീറ്റ് ഓപ്പറേറ്റ് ചെയ്യുന്ന ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജോഷ് ടെട്രിക് പ്രതികരിച്ചത്.

യുഎസിൽ ഈ മാംസവും കോഴിയിറച്ചിയും വിൽക്കുന്നതിന് ആവശ്യമായ ഫെഡറൽ പരിശോധനകൾക്ക് കമ്പനികൾക്ക് അനുമതി ലഭിച്ചു. രണ്ട് കമ്പനികളുടെയും ഉൽപ്പന്നങ്ങൾ കഴിക്കാൻ സുരക്ഷിതമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിലയിരുത്തി മാസങ്ങൾക്ക് ശേഷമാണ് ഈ നടപടി. ഗുഡ് മീറ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ജോയിൻ ബയോളജിക്‌സ് എന്ന നിർമ്മാണ കമ്പനിക്കും ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ അനുമതി ലഭിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്താണ് ലാബ് ഗ്രോൺ മീറ്റ്/കൾട്ടിവേറ്റഡ് മീറ്റ്?

ജീവനുള്ള മൃഗങ്ങളിൽ നിന്നോ ബീജസങ്കലനം ചെയ്ത മുട്ടയിൽ നിന്നോ പ്രത്യേക ബാങ്കിൽ സംഭരിച്ച കോശങ്ങൾ ഉപയോഗിച്ചോ സ്റ്റീൽ ടാങ്കുകളിൽ കൃഷി ചെയ്ത് മാംസം വളർത്തുന്ന രീതിയാണിത്. അപ്‌സൈഡ് ഫുഡ്‌സ്, മാംസം വലിയ ഷീറ്റുകളായാണ് ഉണ്ടാക്കുന്നത്. അവ പിന്നീട് ചിക്കൻ കട്ട്‌ലറ്റുകളും സോസേജുകളും പോലെ രൂപപ്പെടുത്തുന്നു. ഗുഡ് മീറ്റ് ഇതിനകം തന്നെ സിംഗപ്പൂരിൽ, കൃഷി ചെയ്ത മാംസം വിൽക്കുന്നുണ്ട്. അത് അനുവദിച്ച ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ.

എന്നാൽ യുഎസിലെ പലചരക്ക് സ്റ്റോറുകളിൽ ഈ മാംസം ഉടൻ തിരയരുത്. സാധാരണ കോഴിയിറച്ചിയേക്കാൾ വില കൂടുതലാണ് ലാബിൽ വളർത്തുന്ന മാംസങ്ങൾക്ക്. മാത്രവുമല്ല പരമ്പരാഗത മാംസത്തിന്റെ അളവിൽ നിലവിൽ ഇത് ഉത്പാദിപ്പിക്കാനും കഴിയില്ലെന്ന് കാലിഫോർണിയ ബെർക്ക്‌ലി സർവകലാശാലയിലെ ആൾട്ട്: മീറ്റ് ലാബിന്റെ ഡയറക്ടർ റിക്കാർഡോ സാൻ മാർട്ടിൻ പറഞ്ഞു.

ഭാവിയിൽ രാജ്യത്തിന് സുസ്ഥിരമായ ഒരു ഭക്ഷ്യ സ്രോതസ്സ് സ്ഥാപിക്കുന്നതിന് ലാബിൽ വളർത്തുന്ന മാംസം ഉത്പാദിപ്പിക്കാൻ തുടങ്ങണം, വലിയ തോതിൽ വർധിച്ചു വരുന്ന മാംസ വ്യവസായം ഹരിതഗൃഹ വാതക കങ്ങളുടെ പുറന്തള്ളലിനും വനനശീകരണത്തിലൂടെയും മറ്റും പരിസ്ഥിതിയെ നശിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലാബിൽ വളർത്തിയ മാംസം ആദ്യമായി കണ്ടെത്തിയെങ്കിലും അത് പൊതുജനങ്ങൾക്ക് വിൽക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ, 2018 അവസാനത്തോടെ ഈ ഉൽപ്പന്നങ്ങൾ വാണിജ്യപരമായി ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കമ്പനികൾ പല രാജ്യങ്ങളിലും ഉണ്ടായി.ലാബിൽ വളർത്തുന്ന മാംസത്തിലേക്ക് മാറുന്നത് ലോകത്തെ മാറ്റിമറിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Story Highlights: US Approves Lab-Grown Chicken To Be Sold In Markets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here