‘അത്യന്തം വേദനാജനകം, അതിക്രൂരമായ സംഭവം’: രാജുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

കല്ലമ്പലം കൊലപതാകം അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതികള്‍ക്ക് അര്‍ഹമായ കടുത്ത ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയില്‍ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കല്ലമ്പലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകള്‍ ശ്രീലക്ഷ്മിയെയും മകന്‍ ശ്രീഹരിയേയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മകള്‍ക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്നം കണ്ട ആ അച്ഛന് ഇനിയത് കാണാന്‍ കഴിയില്ല. വിവാഹപ്പന്തലിലേക്ക് മകള്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു. കല്ലമ്പലം വടശ്ശേരിക്കോണത്ത് രാജുവിനും കുടുംബത്തിനും എതിരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണ്. സന്തോഷം നിറഞ്ഞു നില്‍ക്കുന്ന വീട്ടില്‍ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം എത്ര അധമമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയാണ് വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) കൊല്ലപ്പെട്ടത്. ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. രണ്ട് വര്‍ഷം മുന്‍പ് രാജുവിൻെ മകള്‍ ശ്രീലക്ഷ്മിയോട് അയല്‍വാസിയായ ജിഷ്ണു പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പിന്നീട് ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ രാജു എതിര്‍ത്തു. ഇന്റര്‍കാസ്റ്റ് മാര്യേജിന് താത്പര്യമില്ലെന്നും എം.എസ്.സി ജിയോളജിക്കാരിയായ ശ്രീലക്ഷ്മിയെ ക്രിമിനല്‍ പശ്ചാത്തലമുള്ള ജിഷ്ണുവിന് വിവാഹം കഴിച്ച് നല്‍കാനാവില്ലെന്നും രാജു അറിയിച്ചു.
ആലോചന നിരസിച്ചപ്പോള്‍ ജിഷ്ണുവിന്റെ കുടുംബം ഭീഷണിമുഴക്കി. അതിനിടെയാണ് മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണത്തലേന്നത്തെ തിരക്കുകള്‍ ഒതുക്കി മിക്ക ആളുകളും വീടുകളിലേക്ക് പോയ സമയത്താണ് രാജുവിന്റെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷമുണ്ടായത്. രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയത്. ഈ സമയത്ത് രാജവുന്റെ മകന്‍ കാറ്ററിംഗ് ജീവനക്കാരെ കൊണ്ടുവിടാന്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയിരുന്നു. ഈ തക്കം നോക്കിയാണ് പ്രതികളായ നാലംഗ സംഘം വീട്ടില്‍ വന്നത്.
Story Highlights: Health minister visits Raju’s family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here