Advertisement

വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികൾ, വാട്ടർ ആംബുലൻസ്; അടിയന്തര സാഹചര്യം നേരിടാൻ കുട്ടനാട്ടിൽ പ്രത്യേക സംവിധാനം

July 6, 2023
Google News 2 minutes Read
heavy rain; Water Ambulance in Kuttanad to deal with emergency situation

ആലപ്പുഴ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കിയത്. വെള്ളിയാഴ്ച മുതൽ ഇവ പ്രവർത്തനം ആരംഭിക്കുന്നതാണ്.

ഈ സംവിധാനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മൊബൈൽ യൂണിറ്റുകളിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈൽ ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികൾ സജ്ജമാക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് സേവനം ലഭ്യമാക്കുന്നത്. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികളിലും ഡോക്ടർ, നഴ്‌സ്, ഫർമസിസ്റ്റ്എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികളിൽ ലഭ്യമാണ്. രോഗ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികൾ വഴി നടത്തുന്നു.

രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ സേവനം ലഭ്യമാകുന്ന മൊബൈൽ യൂണിറ്റിൽ ഡോക്ടർ, നഴ്‌സ് തുടങ്ങിയവരുണ്ടാകും. വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് ഓക്‌സിജൻ ഉൾപ്പെടെയുള്ള സേവനവും വാട്ടർ ആംബുലൻസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡി.എം.ഒ. കൺട്രോൾ റൂം നമ്പർ 0477 2961652.

Story Highlights: heavy rain; Water Ambulance in Kuttanad to deal with emergency situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here