മഹേഷ് കുഞ്ഞുമോന് എല്ലാ സഹായവും ചെയ്യുമെന്ന് ഗോകുലം ഗോപാലൻ; ചെറിയ ഇടവേള, തിരിച്ചുവരുമെന്ന് മഹേഷ് കുഞ്ഞുമോൻ

വാഹനാപകടത്തിൽ പരുക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന മഹേഷ് കുഞ്ഞുമോനെ കാണാൻ ഫ്ലവേഴ്സ് ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ എത്തി. മിമിക്രി വേദിയിലേക്ക് തിരിച്ചെത്താൻ മഹേഷിനോപ്പം എപ്പോഴും കൂടെയുണ്ടാകുമെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി. ചികിത്സയുടെ പൂർണ വിവരങ്ങൾ ചോദിച്ചറിഞ്ഞ് എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പുനൽകിയാണ് ഗോകുലം ഗോപാലൻ മടങ്ങിയത്.(Gokulam Gopalan Visited Mahesh Kunjumon)
മഹേഷ് വേദിയിലെത്തുംവരെ കൂടെയുണ്ടാകുമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. മഹേഷ് നേരത്തെ എങ്ങനെ ആയിരുന്നു അതുപോലെ തിരിച്ചുകൊണ്ടുവരും. എല്ലാ സൗകര്യങ്ങളും ചെയ്യുമെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി. ഗോകുലം ഗോപാലനെ ആത്മവിശ്വാസമുള്ള വാക്കുകളുമായാണ് മഹേഷ് കുഞ്ഞുമോൻ വരവേറ്റത്.
Read Also:വാഹനപ്രേമികളെ കീഴടക്കി ടാറ്റ ടിയാഗോ; വില്‍പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു
മുഖത്തിനേറ്റ പരുക്കുകൾ ഭേദമായി വരുന്നു. ഇതൊരു ചെറിയ ഇടവേള മാത്രമായി പ്രിയ പ്രേക്ഷകർ കാണണമെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. ഒരു ഇടവേള എല്ലാത്തിനും നല്ലതാണ്. പൂർണ ആരോഗ്യവാനായി തിരിച്ചുവരുമെന്നും മഹേഷ് പറഞ്ഞു.
അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരുക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. ഇപ്പോഴിതാ, പരുക്കുകൾ ഭേദമായി ശക്തമായി തിരികെ വരും എന്നാണ് മഹേഷ് പങ്കുവയ്ക്കുന്നത്.
അനുകരണകലയിൽ വളരെയധികം ശ്രദ്ധ നേടിയ താരമാണ് മഹേഷ് കുഞ്ഞുമോൻ.രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചിരുന്നു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു. മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു.
Story Highlights: Gokulam Gopalan Visited Mahesh Kunjumon