Advertisement

ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിനൊപ്പം ചേരാതെ ലീഗ്; പകല്‍കിനാവായി മുന്നണിമാറ്റം?

July 9, 2023
Google News 3 minutes Read
Muslim League did not join with CPIM in Uniform Civil Code

ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയതോടെ വിഷയത്തില്‍ മുന്നണി നീക്കങ്ങള്‍ ഇനി നിര്‍ണായകമാകും. തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന് ലീഗും കോണ്‍ഗ്രസും ആവര്‍ത്തിച്ചപ്പോഴും ലീഗിനെ ഒപ്പം കൂട്ടാമെന്ന മോഹം സിപിഐഎമ്മിനുണ്ടായിരുന്നു. അതും വൃഥാവിലാക്കിക്കൊണ്ടാണ് ലീഗ് സിപിഐഎം സെമിനാറിനോട് മുഖം തിരിച്ചത്. സെമിനാറില്‍ പങ്കെടുക്കണമെന്നും ഏതെങ്കിലും ഒരു മതത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല ഏകീകൃത സിവില്‍ കോഡെന്നും പറഞ്ഞ സമസ്ത, ലീഗ് പങ്കെടുക്കണമെന്ന് അഭിപ്രായത്തോട് യോജിക്കുകയായിരുന്നു.(Muslim League did not join with CPIM in Uniform Civil Code)

ക്ഷണം സ്വീകരിച്ച് ലീഗ് പങ്കെടുക്കുമെന്ന തീരുമാനത്തിലേക്കെത്തിയിരുന്നെങ്കില്‍, കോണ്‍ഗ്രസ് തുടര്‍നീക്കങ്ങള്‍ എന്താകുമായിരിക്കും? മുന്നണി മാറ്റമെന്ന അഭ്യൂഹങ്ങള്‍ നാളുകളായി തുടരുന്നതിനിടെ ലീഗിനെ ഒപ്പം കൂട്ടിയുള്ള നീക്കം സിപിഐഎം നടത്തിയിരുന്നെങ്കില്‍ രാഷ്ട്രീയ കേരളത്തില്‍ അത് മറ്റൊരു പുതിയ മാറ്റത്തിന് തുടക്കം കുറിച്ചേനെ. ലീഗ് പങ്കെടുക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചിരുന്നു. പക്ഷേ ഈ ആത്മവിശ്വാസം കോണ്‍ഗ്രസിലെ എത്ര നേതാക്കള്‍ക്കുണ്ടായിരുന്നു?.വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും എം കെ മുനീര്‍ എംഎല്‍എയും അടക്കം ഏകീകൃത സിവില്‍ കോഡിലെ നിലപാട് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു ഇതിനോടകം. സെമിനാറില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് നേതാക്കള്‍ സ്വീകരിച്ച നിലപാട്. അതേസമയം പി കെ കുഞ്ഞാലിക്കുട്ടിയും പി എംഎ സലാമും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അടക്കം പരസ്യമായി നിലപാട് വ്യക്തമാക്കിയിരുന്നില്ല താനും. കൂടിയാലോചനകള്‍ക്ക് ശേഷം നിലപാട് പറയാമെന്നുള്ള പി എം എ സലാം ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തോടെ കോണ്‍ഗ്രസും ഒന്ന് ശങ്കിച്ചിട്ടുണ്ടാകുമെന്നുറപ്പ്.

‘ഞങ്ങള്‍ മുസ്ലിം ലീഗുമായും കോണ്‍ഗ്രസുമായും സഹകരിച്ചിട്ടുണ്ട്. അവരുമായി തുടര്‍ന്നും സഹകരിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം വിവിധ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അവരെയും പിന്തുണയ്ക്കും’. ഈ വാക്കുകള്‍ സമസ്ത കേരള ജം ഇയത്തുള്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേതാണ്. ഒരു മതത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് പറയുമ്പോഴും സമസ്തയുടെ നിലപാട് സിപിഐഎം നീക്കങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ്. മറുവശത്ത് , കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കുമ്പോള്‍, മുന്നണി മാറ്റം സിപിഐഎം തത്ക്കാലക്കേത്തെങ്കിലും സ്വപ്‌നം കാണേണ്ടതില്ല എന്ന മുന്നറിയിപ്പ് കൂടിയാണ് യുഡിഎഫ് നല്‍കുന്നത്. പക്ഷേ അവിടെയും ഈ ഉറപ്പ് യുഡിഎഫ് നേതാക്കള്‍ക്കുണ്ടായിരുന്നോ എന്ന് സംശയമാണ്. ലീഗ് യുഡിഎഫ് വിടുമെങ്കില്‍ അന്തസായി പറഞ്ഞിട്ട് പോകുമെന്ന, കണ്‍വീനര്‍ എം എം ഹസ്സന്റെ വാക്കുകള്‍ ഈ ഊഹം സ്ഥിരീകരിക്കുന്നു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോയിട്ടിട്ടല്ലോ എന്നായിരുന്നു വി ഡി സതീശന്റെ വാക്കുകള്‍.

ജിഫ്രിമുത്തുക്കോയ തങ്ങളുടെ തീരുമാനത്തെ പോലും മറികടന്ന് ലീഗ് സെമിനാറിന് പോകേണ്ടതില്ലെന്ന്, സാദിഖലി തങ്ങള്‍ തീരുമാനിച്ചതാണ് ഈ രാഷ്ട്രീയ നീക്കത്തിലെ നിര്‍ണായക ഘടകം. സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം വന്നിട്ടുണ്ടെന്നും യുഡിഎഫുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വാക്കുകള്‍. എന്നാല്‍ സിപിഐഎമ്മിന് വൃത്തികെട്ട രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഈ കെണിയില്‍ ലീഗ് വീഴില്ലെന്നും മുതിര്‍ന്ന ലോക്സഭാംഗം ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Read Also: സിപിഐഎം സെമിനാറില്‍ ലീഗ് പങ്കെടുക്കണം; മതസംഘടനകളുടെ മാത്രം പ്രശ്‌നമല്ല ഏകീകൃത സിവില്‍ കോഡെന്ന് കാന്തപുരം 24നോട്

കോണ്‍ഗ്രസിന് മൃദുഹിന്ദുത്വനിലപാടാണെന്ന് പലകുറി ആവര്‍ത്തിച്ച സിപിഐഎം, വര്‍ഗീതയ്‌ക്കെതിരായ നിലപാടില്‍ ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാമെന്നും പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡിനെതിരായ ലീഗിന്റെ വിമര്‍ശനങ്ങളില്‍ തന്നെ കോണ്‍ഗ്രസ് ഇടംപിടിച്ചതും കാണാതെ പോകരുത്. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തില്ല എന്ന വിമര്‍ശനം ലീഗ് എംപി അബ്ദുള്‍ വഹാബ് ഉന്നയിച്ചത് പോയ വര്‍ഷമാണ്…

Story Highlights: Muslim League did not join with CPIM in Uniform Civil Code

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here