Advertisement

ആർസിബി വാക്കുപാലിച്ചില്ല; കോലി ക്യാപ്റ്റനായിട്ടും ലോകകപ്പ് ടീമിലെടുക്കാത്തതിൽ വിഷമിച്ചു: വെളിപ്പെടുത്തലുകളുമായി ചഹൽ

July 17, 2023
Google News 2 minutes Read
chahal kohli rcb rajasthan

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. 2022 ഐപിഎൽ ലേലത്തിൽ ആർസിബി വാക്കുപാലിച്ചില്ലെന്നും കോലി ക്യാപ്റ്റനായിട്ടും 2021 ലോകകപ്പ് ടീമിൽ തന്നെ പരിഗണിക്കാതിരുന്നത് വിഷമിപ്പിച്ചു എന്നും ചഹൽ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചഹലിൻ്റെ വെളിപ്പെടുത്തലുകൾ. (chahal kohli rcb rajasthan)

“ആർസിബിയിൽ ഞാൻ എട്ടുവർഷം കളിച്ചു. ആദ്യ കളി മുതൽ വിരാട് ഭായ് എന്നിൽ ഒരുപാട് വിശ്വാസം കാണിച്ചു. അതുകൊണ്ട് ലേലത്തിൽ എടുക്കാത്തതിൽ വിഷമം വന്നു. എന്നെ ആരും വിളിച്ചില്ല. എന്നോട് ഒന്നും പറഞ്ഞില്ല. അവർക്കുവേണ്ടി ഞാൻ 114 മത്സരങ്ങൾ കളിച്ചു. ലേലത്തിൽ എന്നെ എടുക്കുമെന്ന് അവർ പറഞ്ഞു. പക്ഷേ, അത് പാലിക്കാതിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. അവർക്കെതിരെ ആദ്യ കളി കളിച്ചപ്പോൾ ഞാൻ ആരോടും സംസാരിച്ചില്ല.”- ചഹൽ പറഞ്ഞു.

Read Also: 113 റൺസിന് ഓളൗട്ടായി ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തോൽവി

“കരിയറിലെ ഏറ്റവും വലിയ മാനസിക വിഷമമുണ്ടായത് ടി-20 ലോകകപ്പിൽ തെരഞ്ഞെടുക്കാതിരുന്നപ്പോഴായിരുന്നു. അപ്പോൾ ഞാൻ ആകെ തകർന്നു. ടീം ഷീറ്റ് വായിച്ചപ്പോൾ എൻ്റെ പേരില്ല. എനിക്ക് വളരെ വിഷമമായി. ഞാൻ അധികം കരയാറില്ല. പക്ഷേ, അന്ന് ശുചിമുറിയിൽ ചെന്നിരുന്ന് കരഞ്ഞു. ഇതിൽ ഏറ്റവും വിചിത്രം, അന്ന് കോലിയായിരുന്നു ക്യാപ്റ്റൻ. ആർസിബിയിൽ ഞാൻ അദ്ദേഹത്തിനു കീഴിലായിരുന്നു കളിച്ചത്. എന്നിട്ടും എന്നെ ടീമിലെടുത്തില്ല. പക്ഷേ, അതിൻ്റെ കാരണം ഞാൻ ആരോടും ചോദിച്ചിട്ടില്ല.” -അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിലേക്ക് വന്നത് തൻ്റെ ക്രിക്കറ്റിനെ സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു. “രാജസ്ഥാനിൽ ഞാൻ ഡെത്തോവറിൽ പന്തെറിയാൻ തുടങ്ങി. ആർസിബിയിൽ 16ആം ഓവറിനു മുൻപ് എൻ്റെ ക്വോട്ട തീരുമായിരുന്നു. അതുകൊണ്ട് ഒരു ക്രിക്കറ്റർ എന്ന നിലയിൽ രാജസ്ഥാനിൽ ഞാൻ വളർന്നു. അതുകൊണ്ട്, സംഭവിച്ചതൊക്കെ നല്ലതിനായി. ഞാൻ കുറച്ചുകൂടി ഫ്രീയായി. എൻ്റേതായ രീതിയിൽ എനിക്ക് കാര്യങ്ങൾ ചെയ്യാം.”- ചഹൽ തുടർന്നു.

തനിക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ടെസ്റ്റ് മാച്ച് കളിക്കണമെന്നും ചഹൽ പറഞ്ഞു. താൻ നല്ല പ്രകടനം നടത്തിയില്ലെങ്കിൽ മറ്റൊരാൾ ആ സ്ഥാനത്തുവരും. അതിൽ പ്രശ്നമില്ല. അതാണ് പ്രോസസ് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: yuzvendra chahal virat kohli rcb rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here